വർഷങ്ങളായി വിശ്വസിച്ചിരുന്ന ഒരു വലിയ പങ്കാളി ഞങ്ങളെ വഞ്ചിച്ചെന്ന് മനസിലാക്കുന്നു: ഗ്രീൻലാൻഡ് മന്ത്രി

നാജ നതാനിയൽസൺ
നൂക്/ വാഷിങ്ടൺ ഡിസി/ ന്യൂഡൽഹി: അമേരിക്കയുടെ ഭാഗമാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ആർട്ടിക് ദ്വീപിലെ ജനങ്ങൾ സ്വന്തം പാത കണ്ടെത്താനാണ് താൽപ്പര്യപ്പെടുന്നതെന്നും ഗ്രീൻലാൻഡിന്റെ വ്യവസാ- നീതി വകുപ്പ് മന്ത്രി നാജ നതാനിയൽസൺ പറഞ്ഞു. ഗ്രീൻലാൻഡിന് മേൽ അമേരിക്ക ഒരു അധിനിവേശം നടത്തിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, നിലവിലുള്ള ലോകക്രമത്തെ തന്നെ അത് മാറ്റിമറിക്കുമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ നിക്ഷേപങ്ങളെ സ്വാഗതം ചെയ്തുകൊണ്ടും ആർട്ടിക് മേഖലയിലെ സുരക്ഷാ നിരീക്ഷണങ്ങളുടെ ആവശ്യകത അംഗീകരിച്ചുകൊണ്ടും ദീർഘകാലമായി ഗ്രീൻലാൻഡ് അമേരിക്കയുടെ സഖ്യകക്ഷിയായി പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും, സമീപകാല സംഭവവികാസങ്ങൾ ഗ്രീൻലാൻഡ് നിവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. "നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ ഗ്രീൻലാൻഡ് നിവാസികൾക്ക് വലിയ പ്രയാസമുണ്ട്. വർഷങ്ങളായി ഞങ്ങൾ വിശ്വസിച്ചിരുന്ന ഒരു വലിയ പങ്കാളി ഞങ്ങളെ വഞ്ചിച്ചതായാണ് തോന്നുന്നത്,"- നതാനിയൽസൺ പറഞ്ഞു.
ഡെന്മാർക്കിന്റെ പരമാധികാരത്തിന് കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തെത്തുടർന്ന് ഗ്രീൻലാൻഡ്, ഡെന്മാർക്ക്, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ നയതന്ത്ര ചർച്ചകൾ സജീവമാണ്.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡിന്റെ നിയന്ത്രണം അത്യാവശ്യമാണെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം. ഭാവി സാങ്കേതികവിദ്യകൾക്കും പ്രതിരോധ ആവശ്യങ്ങൾക്കും അത്യന്താപേക്ഷിതമായ ധാതുക്കളുടെ വൻ ശേഖരം ഗ്രീൻലാൻഡിലുണ്ടെന്നും, ഇതിൽ റഷ്യയും ചൈനയും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുണ്ടെന്നും അവകാശപ്പെട്ടാണ് അധിനിവേശത്തിനുള്ള ശ്രമം ആരംഭിച്ചത്.
കവചമൊരുക്കി യൂറോപ്യൻ സൈനികർ
അമേരിക്കയുടെ ‘ഏറ്റെടുക്കൽ നീക്കം’ സജീവമായി തുടരവേ ഗ്രീൻലൻഡിലേക്ക് യൂറോപ്യൻ രാജ്യങ്ങളിലെ കൂടുതൽ സൈനികരെത്തുന്നു. ആർട്ടിക് ദ്വീപിന്റെ സുരക്ഷ വർധിപ്പിക്കാൻ ഫ്രാൻസ്, ജർമനി, നോർവേ, സ്വീഡൻ എന്നിവയുൾപ്പെടെ നിരവധി സഖ്യ രാജ്യങ്ങളിൽനിന്നുള്ള സൈനികർ എത്തിയതായണ് റിപ്പോർട്ട്.
ഗ്രീൻലൻഡിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്ന് ഡെൻമാർക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാറ്റോ സഖ്യകക്ഷികൾ പിന്തുണ പ്രഖ്യാപിച്ചത്. പർവത ഇൻഫൻട്രി യൂണിറ്റിൽനിന്നുള്ള സൈനികർ സൈനികാഭ്യാസത്തിനായി നൂക്കിൽ ഉണ്ടെന്നും മറ്റുള്ളവർ ഉടനെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ജർമനി ഗ്രീൻലൻഡിലേക്ക് സൈന്യത്തെ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.










0 comments