ad
Deshabhimani

print edition ട്രംപിന്റെ ഗാസ ‘സമാധാന’ സമിതിയിൽ നെതന്യാഹുവും

Benjamin Netanyahu humanitarian city
വെബ് ഡെസ്ക്

Published on Jan 22, 2026, 02:45 AM | 1 min read


ടെൽ അവീവ്‌

ഗാസയെ പുനർനിർമിക്കാനെന്ന പേരിൽ അമേരിക്ക പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ യുദ്ധക്കുറ്റവാളിയായ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും. സമിതിയിൽ അംഗമാകാനുള്ള യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ക്ഷണം ബെന്യാമിൻ നെതന്യാഹു സ്വീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. 2023 ഒക്‌ടോബർ ഏഴ്‌ മുതൽ 71,551 പേരാണ്‌ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. 171,372 പേർക്ക്‌ പരിക്കേറ്റു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ 2024 നവംബറിൽ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അന്താരാഷ്‌ട്ര ക്രിമിനൽ കോടതി അറസ്റ്റു വാറന്റ്‌ പുറപ്പെടുവിച്ചു. രാജ്യാതിർത്തിക്കുള്ളിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു.


​ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ്‌ ട്രംപ്‌ വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ‘സമാധാന’ സമിതി രൂപീകരിച്ചത്‌. അറുപതോളം രാജ്യങ്ങൾക്ക്‌ സമിതിയിൽ അംഗമാകാൻ ക്ഷണക്കത്തയച്ചു. ഹംഗറി, അർജന്റീന, മൊറോക്കോ, ഇസ്രയേൽ തുടങ്ങി എട്ട്‌ രാജ്യങ്ങൾ ക്ഷണം സ്വീകരിച്ചു. സ്ഥിരാംഗമാകാൻ രാജ്യങ്ങൾ100 കോടി ഡോളർ (9000 കോടി രൂപ) വീതം നൽകണം. സമിതി അധ്യക്ഷനായ ട്രംപിന്‌ അംഗരാജ്യത്തെ പുറത്താക്കാന്‍ വീറ്റോ അധികാരവുമുണ്ടാകും. സമിതിയിൽ ചേരുമെങ്കിലും പണം നൽകില്ലെന്ന്‌ കാനഡ അറിയിച്ചു. നോർവേ ക്ഷണം നിരസിച്ചു. ഇന്ത്യയും ചൈനയും റഷ്യയും പ്രതികരിച്ചിട്ടില്ല.


പിന്തുണ 
യുഎന്നിന്‌ : ചൈന

ഐക്യരാഷ്‌ട്ര സംഘടനയെ കേന്ദ്രമാക്കിയുള്ള അന്താരാഷ്‌ട്ര സംവിധാനത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്‌ ചൈന വിദേശ മന്ത്രി ഗുവോ ജിയാകുൻ പറഞ്ഞു.

യുഎൻ രക്ഷാ ക‍ൗൺസിലിന്‌ സമാന്തരമായി ഗാസ ‘സമാധാന’ സമിതിയെ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ചൈനയുടെ പ്രതികരണം. അന്താരാഷ്ട്ര സാഹചര്യം എങ്ങനെ മാറിയാലും, ഐക്യരാഷ്ട്രസംഘടനയെ കേന്ദ്രബിന്ദുവായി നിലനിർത്തുന്ന അന്താരാഷ്ട്ര സംവിധാനത്തെയും, അന്താരാഷ്ട്ര നിയമങ്ങളാൽ അടിസ്ഥാനപ്പെടുത്തിയ അന്താരാഷ്ട്ര ക്രമത്തെയും, യുഎൻ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങളെയും തത്വങ്ങളെയും ചൈന ശക്തമായി സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home