ലെബനനിലെ ഇസ്രയേൽ ആക്രമണം; കൊല്ലപ്പെട്ടത് നൂറിലധികം കുട്ടികള്‍, പലായനം ചെയ്തത് പത്തുലക്ഷം പേർ

ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ബെയ്റൂട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട വയോധിക കടൽത്തീരത്ത് താൽക്കാലികമായി കെട്ടിയ ടെന്റിന്റെ മുന്നിൽ. Photo credit: AFP
ബെയ്‌റൂട്ട് : ഇറാനിലെ യുഎസ് - ഇസ്രയേൽ കടന്നാക്രമണത്തിന് പിന്നാലെ ലെബനനിൽ ഇസ്രയേൽ ആരംഭിച്ച ആക്രമണവും ഒരു മാസം പിന്നിടുന്നു. ഇതുവരെ പത്തുലക്ഷം പേരാണ് ആക്രമണത്തെത്തുടർന്ന് രാജ്യത്തുനിന്ന് പലായനം ചെയ്തത്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നും തെക്കൻ- കിഴക്കൻ ലൈബനനിൽ നിന്നുമാണ് ജനങ്ങൾ പലായനം ചെയ്തത്. ബോംബാക്രമണം ഉണ്ടായിട്ടില്ലാത്ത, ഇടുങ്ങിയ സ്ഥലങ്ങളിലേക്കാണ് നിരവധിപേർ പലായനം ചെയ്തത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 118 കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മൂന്ന് മാധ്യമപ്രവർത്തകരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തതിനു പിന്നാലെയാണ് തങ്ങൾ ആക്രമണം ആരംഭിച്ചതെന്നാണ് ഇസ്രയേൽ വാദം. പിന്നാലെ ലെബനനിൽ ഇസ്രയേൽ സൈന്യം ബോംബാക്രമണവും കരയാക്രമണവും ആരംഭിക്കുകയായിരുന്നു.
photo credit: AFP
ഇസ്രയേലിന്റെ ആക്രമണങ്ങൾക്കും ഒഴിഞ്ഞു പോകാനുള്ള ഉത്തരവുകൾക്കും പിന്നാലെ രാജ്യത്തിന്റെ 15 ശതമാനം ജനങ്ങളും പലായനം ചെയ്തെന്ന് വിവിധ മാനുഷിക ഏജൻസികൾ വ്യക്തമാക്കുന്നു. തെക്കൻ ലെബനനിലെ ഗ്രാമങ്ങൾ ഭൂരിഭാഗവും ശൂന്യമായി. പലരും കടൽത്തീരങ്ങളിലും ഉൾപ്രദേശങ്ങളിലും ടെന്റുകൾ കെട്ടിയാണ് കൂട്ടമായി താമസിക്കുന്നത്. ഏതുസമയവും ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഇവിടുത്തെ ജനത കഴിയുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻകാല സംഘർഷങ്ങളേക്കാൾ ഇത്തവണ കുടിയിറക്കപ്പെട്ട ജനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതായാണ് റിപ്പോർട്ട്. 2024ലെ സംഘർഷത്തിലാണ് മുമ്പ് വൻതോതിൽ പലായനം ഉണ്ടായിട്ടുള്ളത്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തെ ബാധിച്ച പലായനം ആദ്യമായാണെന്ന് വിദഗ്ധർ പറയുന്നു. കുടിയിറക്കപ്പെട്ടവരുടെ എണ്ണം പത്തുലക്ഷത്തിലും ഉയർന്നതായിരിക്കുമെന്ന് ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ വക്താവ് ദലാൽ ഹാർബ് പറയുന്നു.
photo credit: AFP
സർക്കാർ നടത്തുന്ന ഷെൽട്ടറുകളിൽ സ്ഥലം ലഭിക്കാത്ത പലരും തെരുവുകളിലാണ് കഴിയുന്നത്. ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്ത വടക്കൻ നഗരങ്ങളിലേക്ക് പോകുന്നതിനേക്കാൾ തെരുവുകളിൽ പരിമിത സൗകര്യങ്ങളിൽ കഴിയാനാണ് ഭൂരിഭാഗം ജനങ്ങളും താൽപ്പര്യപ്പെടുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തെക്കൻ അതിർത്തി ഗ്രാമമായ ദുഹൈറയിൽ നിന്ന് പലായനം ചെയ്ത ജനങ്ങളിൽ പലരും തങ്ങളുടെ വാഹനങ്ങളിൽ തന്നെയാണ് താമസിക്കുന്നത്. കൂടുതൽ ദൂരേക്ക് പോയാൽ തിരികെ എത്തുന്നത് പ്രയാസമായിരിക്കുമെന്നും പരിസര പ്രദേശങ്ങളിൽ തന്നെ താമസിച്ച് ഇടയ്ക്കിടെ തങ്ങളുടെ വീടുകൾ പരിശോധിക്കാമെന്നും ഇവിടുത്തെ ജനത പറയുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർ വരെ തെരുവുകളിലും കടൽത്തീരങ്ങളിലും ടെന്റുകളിൽ താമസിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റത്തിനനുസരിച്ചുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളും അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവുമെല്ലാം ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഇസ്രയേൽ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ലിറ്റാനി നദി വരെയുള്ള ലെബനൻ പ്രദേശം പിടിച്ചെടുക്കുമെന്നാണ് സംഘർഷ സമയത്ത് ഇസ്രയേൽ ഭീഷണിപ്പെടുത്തിയത്. നിലവിലെ അവസ്ഥ തുടരുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.










0 comments