print edition പോരാളിയായ ഭരണാധികാരി

ഖാലിദ സിയയും ഷെയ്‌ഖ് ഹസീനയും
ധാക്ക: കഴിഞ്ഞ മൂന്ന് ദശകം ബംഗ്ലാദേശിനെ നയിച്ചത് രണ്ട് വനിതകളാണ്. ബംഗ്ലാദേശിന്റെ ബീഗങ്ങൾ എന്നറിയപ്പെട്ട മുന്‍പ്രധാനമന്ത്രിമാരായ ഖാലിദ സിയയും ഷെയ്‌ഖ് ഹസീനയും. പരസ്‌പരമുള്ള പകയായിരുന്നു മുന്നോട്ടുപോക്കിനുള്ള അവരുടെ ഊര്‍ജ്ജം. ഒരാൾ അധികാരത്തിലിരിക്കുമ്പോൾ മറ്റെയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് തുടർക്കഥയായി.
2009ല്‍ ഷെയ്ഖ് ഹസീന സർക്കാർ നിരവധി അഴിമതിക്കേസുകൾ ഖാലിദയ്‌ക്കെതിരെ ചുമത്തി. 2018ല്‍ ഖാലിദയെ ജയിലിലടച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ വേട്ടയാടിയെങ്കിലും ഹസീന 2025ല്‍ അധികാരത്തിൽ നിന്ന് പുറത്തായശേഷം മാത്രമാണ് അവർ ജയിൽമോചിതയായത്. ഒടുവിൽ ഖാലിദ മരണത്തിന് കീഴടങ്ങുമ്പോൾ ഹസീന ഇന്ത്യയില്‍ രാഷ്‌ട്രീയ വനവാസത്തിലാണ്. പരസ്പരം കടുത്ത രാഷ്ട്രീയ എതിരാളികളായിരുന്നിട്ടും, ഖാലിദ സിയയുടെ വേർപാടിൽ ഹസീന ആദരാഞ്ജലികൾ അർപ്പിച്ചു. "ഖാലിദ സിയയുടെ മരണം രാജ്യത്തിന് വലിയ നഷ്ടമാണ്. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക വ്യക്തിത്വമായിരുന്നു ഖാലിദ സിയ' എന്നും അനുശോചന സന്ദേശത്തില്‍ ഹസീന പറഞ്ഞു.
അപ്രതീക്ഷിതമായി രാഷ്‌ട്രീയത്തിലേക്ക്
സിയാവുർ റഹ്‌മാൻ 1981ൽ വധിക്കപ്പെട്ടതോടെയാണ് അദ്ദേഹം സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർടി(ബിഎൻപി)യുടെ അമരത്തേക്ക് ഖാലിദ എത്തിയത്. ഭരണം പിടിച്ച സൈനിക മേധാവി മുഹമ്മദ് എർഷാദിന്റെ ഏകാധിപത്യഭരണത്തിനെതിരായ പ്രക്ഷോഭത്തില്‍ അവര്‍ മുന്നില്‍ നിന്നു.
എതിര്‍പക്ഷത്തുണ്ടായിരുന്ന ഷെയ്‌ഖ് ഹസീനയെ ഉൾപ്പെടെ ഒപ്പംകൂട്ടി അവര്‍ ജനാധിപത്യ പുനഃസ്ഥാപനത്തിനായി പ്രക്ഷോഭം നയിച്ചു.എർഷാദ് ഭരണകൂടത്തെ പുറത്താക്കിയതിന് പിന്നാലെ 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗിനെ പരാജയപ്പെടുത്തി ഖാലിദ അധികാരത്തിലെത്തി. അതുകൊണ്ടുതന്നെ "ജനാധിപത്യത്തിന്റെ അമ്മ" എന്ന് ബിഎന്‍പി നേതാക്കള്‍ അവരെ വിശേഷിപ്പിക്കുന്നു.
പ്രസിഡൻഷ്യൽ രീതി മാറ്റി പാർലമെന്ററി ജനാധിപത്യം കൊണ്ടുവന്നതും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതുമൊക്കെ അവരുടെ ശ്രദ്ധേയ നടപടികളായിരുന്നു.എന്നാല്‍ ഉദാരവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും അവര്‍ ശക്തമായി പിന്തുണച്ചു. അധികാരം നിലനിർത്താന്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രനിലപാടുകാരോടുപോലും കൈകോര്‍ക്കാന്‍ മുതിര്‍ന്നു. ഖാലിദ സിയയുടെകാലഘട്ടം ഇന്ത്യ-,ബംഗ്ലാദേശ് ബന്ധത്തിൽ കടുത്ത വെല്ലുവിളികൾ ഉയര്‍ത്തിയിരുന്നു.










0 comments