ad
Deshabhimani

ബംഗ്ലാദേശിൽ 2026 ഏപ്രിലിൽ തെരഞ്ഞെടുപ്പ്‌

muhammad yunus
വെബ് ഡെസ്ക്

Published on Jun 07, 2025, 08:18 AM | 1 min read

ധാക്ക : ബംഗ്ലാദേശിൽ 2026 ഏപ്രിലിൽ പൊതുതെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ ഇടക്കാല സർക്കാരിന്‌ നേതൃത്വം നൽകുന്ന മുഹമ്മദ്‌ യൂനുസ്‌ അറിയിച്ചു. ഈവർഷം ഡിസംബറിൽ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ പ്രമുഖ രാഷ്‌ട്രീയപാർടികൾ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ തെരഞ്ഞെടുപ്പ് കമീഷൻ നൽകുമെന്ന് യൂനുസ് അറിയിച്ചു. കഴിഞ്ഞ ആ​ഗസ്തിലാണ് നൊബേൽ സമ്മാന ജേതാവ് കൂടിയായ യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയത്. 2025 ഡിസംബറിനും 2026 ജൂണിനും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് യൂനുസ് മുമ്പ് പ്രസ്താവിച്ചിരുന്നു. രാജ്യത്തെ പ്രധാന പരിഷ്കാരങ്ങൾ പൂർത്തിയായതിനുശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്നാണ് നാഷണൽ സിറ്റിസൺ പാർട്ടി (എൻ‌സി‌പി) യുടെ വാദം.


വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നാണ് ബം​ഗ്ലാദേശിൽ സുപ്രധാനമായ രാഷ്ട്രീയ മാറ്റങ്ങളുണ്ടായത്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്‌ 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബം​ഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട്‌ പ്രക്ഷോഭത്തിൽ ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീ​ഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ​ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി.


എന്നാൽ ഭരണകക്ഷിയായ അവാമി ലീ​ഗും യുവജനവിഭാ​ഗമായ ഛാത്ര ലീ​ഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ കനത്ത തിരിച്ചടിയാണ്‌ ഹസീന നേരിട്ടത്‌. ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ ഷെയ്‌ഖ്‌ ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് രാജ്യം വിടേണ്ടി വന്നു. തുടർന്ന്‌ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവാമി ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളും തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home