ad
Deshabhimani

print edition ബംഗ്ലാദേശ് ജനത ഇന്ന് വിധിയെഴുതും

bangladesh
വെബ് ഡെസ്ക്

Published on Feb 12, 2026, 01:10 AM | 1 min read


ധാക്ക

ബംഗ്ലാദേശിൽ 12.7 കോടി വോട്ടർമാർ ഇന്ന്‌ പോളിങ്‌ ബൂത്തിലേക്ക്‌. 350 അംഗ പാർലിമെന്റില്‍ 300 സീറ്റിലേക്കാണ് മത്സരം. ശേഷിക്കുന്ന അമ്പത് സീറ്റ് വനിതകള്‍ക്കായ് സംവരണം ചെയ്തിരിക്കുന്നു. ഫലംവന്ന ശേഷം വിജയത്തിന് അനുപാതികമായി പാർടികൾക്ക്‌ ഈ സീറ്റുകള്‍ വീതിച്ചുനല്‍കും. ആകെ151 സീറ്റ്‌ ലഭിക്കുന്ന പാർടി ബംഗ്ലാദേശിനെ നയിക്കും. 1981 പേരാണ്‌ മത്സരരംഗത്തുള്ളത്. ഇന്ത്യൻ സമയം രാവിലെ എട്ടോടെ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ്‌ വൈകിട്ട്‌ അഞ്ചോടെ അവസാനിക്കും. ഇക്കുറി പ്രവാസി വോട്ടർമാർക്കായി തപാൽ വോട്ട്‌ സ‍ൗകര്യവും ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് നടപടി വീക്ഷിക്കാന്‍ യൂറോപ്യൻ യൂണിയനിൽ നിന്നും കോമൺ വെൽത്ത്‌ രാജ്യങ്ങളിൽ നിന്നുമുള്ള 500 നിരീക്ഷകര്‍ ബംഗ്ലാദേശിലുണ്ട്. തെരഞ്ഞെടുപ്പിൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. 10 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ്‌ ഇതിനായി രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്‌.


വിദ്യാർഥി പ്രക്ഷോഭത്തിനും ഷെയ്‌ഖ്‌ ഹസീന സര്‍ക്കാരിന്റെ പതനത്തിനും ശേഷം അധികാരമേറ്റ മുഹമ്മദ്‌ യൂനുസിന്റെ ഇടക്കാല സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുന്ന ഘട്ടത്തിലാണ് തെര‍ഞ്ഞെടുപ്പ്. ഇടക്കാല സർക്കാര്‍ മുന്നോട്ടുവയ്ക്കുന്ന അതീവ നിര്‍ണായകമായ 84 പരിഷ്‌കാരങ്ങൾ രാജ്യത്ത് നടപ്പാക്കണോ എന്ന ഹിതപരിശോധനയും തെരഞ്ഞെടുപ്പിന് ഒപ്പം നടത്തുന്നു.

ഹസീനയുടെ പതനത്തോടെ അവാമി ലീഗിനെ പിരിച്ചുവിട്ടതിനാല്‍, രാജ്യത്തെ ഏറ്റവും വലിയ പാര്‍ടികളില്‍ ഒന്ന് മത്സരരംഗത്തില്ല. താരിഖ്‌ റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ്‌ നാഷണൽ പാർടി (ബിഎൻപി) നയിക്കുന്ന 10 പാർടികളുടെ സഖ്യവും ഷഫീഖുർ റഹ്‌മാൻ നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർടികളുടെ സഖ്യവും തമ്മിലാണ്‌ മത്സരം. വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ രൂപീകരിച്ച എന്‍സിപി ജമാഅത്തെ സഖ്യത്തിനൊപ്പമാണ്.


ബിഎൻപിയ്ക്ക്‌ 33ശതമാനവും ജമാഅത്തെയ്ക്ക്‌ 29 ശതമാനവും ജനപിന്തുണയുണ്ടെന്നാണ്‌ യുഎസിലെ ഇന്റർനാഷണൽ റിപ്പബ്ലിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർവേ റിപ്പോര്‍ട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home