print edition ബിഎൻപി അധികാരത്തിലേക്ക് ; വിധിയെഴുതി ബംഗ്ലാദേശ്

ധാക്ക
രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന ബംഗ്ലാദേശില്‍ അതീവനിര്‍ണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) അധികാരത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 112 സീറ്റുകളിൽ ബിഎൻപി 85 സീറ്റുകൾ നേടിയതായാണ് അനൗദ്യോഗിക വിവരം. മുഖ്യ എതിരാളി ജമാഅത്തെ ഇസ്ലാമിക്ക് 26 സീറ്റേ നേടാൻ കഴിഞ്ഞുള്ളൂ. 299 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്‌ച ഫലം പൂർണ്ണമായും വ്യക്തമാകും. 60ശതമാനത്തിലധികമായിരുന്നു പൊളിങ്. ബിഎൻപി സർക്കാർ രൂപീകരിക്കുമെന്ന് പാർടി വക്താവ് മഹ്ദി അമിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഹസനമാണെന്ന് വിദ്യര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരഭ്രഷ്ടയായി ഇന്ത്യയിൽ അഭയംതേടിയ അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രതികരിച്ചു. അവാമി ലീഗിനെ മത്സരിക്കുന്നതിൽ വിലക്കിയതിനാല്‍ പ്രധാന മത്സരം ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ്. വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ രൂപീകരിച്ച എന്‍സിപി ജമാഅത്തെ സഖ്യത്തിനൊപ്പമാണ്. ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് മുന്നോട്ടുവെച്ച 84 ഭരണഘടനാ പരിഷ്കാര നിർദ്ദേശങ്ങള്‍ നടപ്പാക്കണോ എന്ന ഹിതപരിശോധനയും വോട്ടെടുപ്പിനൊപ്പം നടന്നു.
ഖുൽനയിലെ പോളിങ് ബൂത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി നടന്ന സംഘർഷത്തിൽ ബിഎൻപി നേതാവ് കൊല്ലപ്പെട്ടു. ഗോപാൽഗഞ്ചിലെ ബോംബാക്രമണത്തിൽ 13 കാരിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.










0 comments