ad
Deshabhimani

കുടിശ്ശിക നൽകിയില്ല; സ്പൈസ് ജെറ്റിന് വ്യോമപാത വിലക്കി ബംഗ്ലാദേശ്, സർവീസുകൾ പ്രതിസന്ധിയിൽ

Spicejet.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 05:52 PM | 1 min read

ധാക്ക: കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ്. ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളും നാവിഗേഷൻ ഫീസും ഉൾപ്പെടെ കോടിക്കണക്കിന് രൂപ വരുത്തിയ കുടിശ്ശിക അടച്ചുതീർക്കാത്തതിനെത്തുടർന്നാണ് ബംഗ്ലാദേശ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നടപടി.


ഏകദേശം 10 കോടി രൂപയിലധികം സ്പൈസ് ജെറ്റ് ബംഗ്ലാദേശിന് നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടിശ്ശിക സംബന്ധിച്ച് പലതവണ നോട്ടീസ് നൽകിയിട്ടും വിമാനക്കമ്പനി ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കർശന നടപടിയെന്ന് ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കി.


ഇതോടെ സ്പൈസ് ജെറ്റിന്റെ കൊൽക്കത്ത-ധാക്ക സർവീസുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളും പ്രതിസന്ധിയിലായി. വ്യോമപാത വിലക്കിയതോടെ സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് ഇനി ബംഗ്ലാദേശിന് മുകളിലൂടെ പറക്കാൻ സാധിക്കില്ല. ഇത് വിമാനങ്ങളുടെ യാത്രാസമയവും ഇന്ധനച്ചെലവും വർദ്ധിപ്പിക്കും.


സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റിന് ഈ നടപടി വൻ തിരിച്ചടിയാണ്. കുടിശ്ശിക തീർക്കുന്നതിനെക്കുറിച്ച് വിമാനക്കമ്പനി അധികൃതർ ബംഗ്ലാദേശുമായി ചർച്ച നടത്തിവരികയാണെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home