ad
Deshabhimani

മാലിന്യക്കൂമ്പാരമായി ബാലി കടൽത്തീരം; വിനോദസഞ്ചാര കേന്ദ്രത്തിൽ പരിസ്ഥിതി പ്രതിസന്ധി രൂക്ഷം

Bali.jpg
വെബ് ഡെസ്ക്

Published on Mar 12, 2026, 03:31 PM | 1 min read

ജക്കാർത്ത: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ മാലിന്യ പ്രതിസന്ധി രൂക്ഷമാകുന്നു. മൺസൂൺ കാറ്റിലും സമുദ്രജല പ്രവാഹത്തിലും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ബാലിയിലെ പ്രശസ്തമായ കടൽത്തീരങ്ങളിൽ അടിഞ്ഞുകൂടുന്നത്. സുന്ദരമായ കെഡോംഗാനൻ, കുത ബീച്ചുകൾ ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളും പാഴ്വസ്തുക്കളും നിറഞ്ഞ അവസ്ഥയിലാണ്.


ഓരോ വർഷവും മൺസൂൺ കാലത്ത് കടലിൽ നിന്ന് മാലിന്യങ്ങൾ കരയിലേക്ക് അടിച്ചു കയറുന്നത് പതിവാണെങ്കിലും ഇത്തവണ സ്ഥിതി അതീവ ഗുരുതരമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ദിവസം തോറും 30 മുതൽ 60 ടൺ വരെ മാലിന്യമാണ് ബീച്ചുകളിൽ നിന്ന് നീക്കം ചെയ്യുന്നത്.


പ്ലാസ്റ്റിക് കുപ്പികൾക്ക് പുറമെ മരക്കഷ്ണങ്ങളും ചെളിയും നിറഞ്ഞതിനാൽ കടൽത്തീരത്തിലൂടെ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് വിനോദസഞ്ചാരികൾ പരാതിപ്പെടുന്നു. സംഭവത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ നേരിട്ട് ഇടപെടുകയും ബാലി ഗവർണർ ഐ വയൻ കോസ്റ്ററെ അതൃപ്തി അറിയിക്കുകയും ചെയ്തു.


ടൂറിസം മേഖലയെ തകർക്കുന്ന ഈ മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് സൈന്യത്തെയും പൊലീസിനെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വൻതോതിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ ബാലിയിൽ ആരംഭിച്ചിട്ടുണ്ട്. കരയിൽ നിന്ന് പുഴകളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലെത്തുകയും പിന്നീട് തിരമാലകൾക്കൊപ്പം കരയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നത്.


ശരിയായ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ അഭാവമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. പ്രശ്നപരിഹാരത്തിനായി ബീച്ചുകളിൽ റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്ന പദ്ധതിയും നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്. വരും വർഷങ്ങളിൽ ബാലിയിലെ ടൂറിസം മേഖലയ്ക്ക് ഈ മാലിന്യക്കൂമ്പാരം വൻ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home