print edition സാമ്രാജ്യത്വത്തിന് മുന്നിൽ തലകുനിക്കാതെ...


വിജേഷ് ചൂടൽ
Published on Mar 02, 2026, 02:00 AM | 3 min read
സ്വാഭാവികമരണം ആഗ്രഹിച്ചിരുന്നില്ല എൺപത്തിയാറാം വയസ്സിലും ആയത്തുള്ള അലി ഖമനേയി. രാജ്യത്തിനായുള്ള രക്തസാക്ഷിത്വത്തിനായാണ് പ്രാർഥനയെന്ന് തുറന്നുപറഞ്ഞു. 2025 ജൂണിൽ ഇറാനിലേക്ക് ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണലക്ഷ്യം ഖമനേയി തന്നെയായിരുന്നു. പരമോന്നത നേതാവിനെ ഉന്മൂലനംചെയ്യുമെന്ന് ഡോണൾഡ് ട്രംപും ബെന്യമിൻ നെത്യനാഹുവും പ്രഖ്യാപിച്ചു. എന്നിട്ടും രാജ്യംവിട്ടില്ല, ബങ്കറിലൊളിച്ചില്ല.
യാഥാസ്ഥിതിക നിലപാടുകളുടെ പേരിൽ വിമർശങ്ങൾ നേരിടുന്പോഴും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇറാന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്നു ഖമനേയി. അധിനിവേശ ശക്തികൾക്ക് പശ്ചിമേഷ്യയിലെ ആധിപത്യനീക്കത്തിന് ഏറ്റവും വലിയ തടസ്സമായിരുന്നു. അമേരിക്കൻ ഉപരോധങ്ങളും പാശ്ചാത്യ സമ്മർദങ്ങളും ഇറാന്റെ സാമ്പത്തികഭദ്രതയെ ബാധിച്ചപ്പോൾ ‘പ്രതിരോധ സമ്പദ്‌വ്യവസ്ഥ'യിലൂടെ (റെസിസ്റ്റൻസ് ഇക്കോണമി) അദ്ദേഹം രാജ്യത്തെ നയിച്ചു. പലസ്‌തീൻ ജനതയുടെ വിമോചനപോരാട്ടങ്ങൾക്ക് നിരുപാധിക പിന്തുണ നൽകി. ലെബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അമേരിക്കൻവിരുദ്ധ ഗ്രൂപ്പുകൾക്ക് സഹായവും നൽകി.

അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെഹ്‍റാറിനില്‍ വിലപിക്കുന്ന സ്ത്രീകള്‍
പതിനൊന്നാം വയസ്സിൽ പൗരോഹിത്യം
1939-ൽ വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹാദ് നഗരത്തിലാണ് കുടുംബത്തിലെ എട്ട് കുട്ടികളിൽ രണ്ടാമനായി അലി ഖമനേയി ജനിച്ചത്. പിതാവ് ഷിയാ പുരോഹിതനായിരുന്നതിനാൽ ഖുർആൻ പഠനമായിരുന്നു പ്രധാനം. പതിനൊന്നാം വയസിൽ പൗരോഹിത്യയോഗ്യത നേടി. മികച്ച പ്രഭാഷകനായി വളർന്ന ഖമനേയി, ഷാ ഭരണകൂടത്തിന്റെ കിരാതവാഴ്‌ചയ്‌ക്കെതിരെ ആയത്തുള്ള റൂഹുള്ള ഖമേനിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിൽ സജീവമായി. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ അദ്ദേഹം ആറുതവണ തടവിലാക്കപ്പെടുകയും ക്രൂരമായ പീഡനങ്ങൾക്കും ഇ യായി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ദാസ്യഭരണത്തിൽനിന്ന് മോചിതമാക്കിയ പോരാട്ടത്തിന്റെ മുൻനിരയിൽ ഖമനേയി ഉണ്ടായിരുന്നു.
വിപ്ലവത്തിനുശേഷം, റുഹുള്ള ഖൊമേനി അദ്ദേഹത്തെ തലസ്ഥാനമായ തെഹ്‌റാനിൽ വെള്ളിയാഴ്‌ച പ്രാർഥന നയിക്കാൻ നിയോഗിച്ചു. പ്രസംഗങ്ങൾ രാജ്യമെമ്പാടും സംപ്രേഷണംചെയ്‌തതോടെ പുതിയ നേതൃത്വത്തിന്റെ ഭാഗമായി ഖമനേയി.
1981 ജൂണിൽ തെഹ്‌റാനിലെ അബുസർ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ടേപ്പ് റെക്കോർഡറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഖമനേയിക്ക് ഗുരുതര പരിക്കേറ്റു. വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു. 1981ൽ പ്രസിഡന്റ് മുഹമ്മദ്-അലി രജായി വധിക്കപ്പെട്ടതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഖമനേയി 97 ശതമാനം വോട്ടുനേടി വിജയിച്ചു. 1989-ൽ, ആയത്തുള്ള റൂഹള്ള ഖൊമേനിയുടെ വിയോഗത്തെ തുടർന്ന് പുരോഹിതസഭ ഖമനേയിയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു.
പലവട്ടം പ്രതിഷേധം
ഇറാനിൽ പല ഘട്ടങ്ങളിലും പല കാരണങ്ങളാൽ ഖമനേയിയുടെ പൗരോഹിത്യഭരണത്തിനെതിരെയും മതനിയമങ്ങളുടെ അടിച്ചേൽപ്പിക്കലിനെതിരെയും പ്രതിഷേധങ്ങൾ ഉയരുകയും അമേരിക്ക അതിന് ഇന്ധനം പകരുകയുംചെയ്തു. പ്രക്ഷോഭങ്ങളെ കർക്കശമായി നേരിടുന്ന രീതിയുടെ പേരിൽ പലപ്പോളും വിമർശങ്ങളുമുയർന്നു. 1998-ൽ രാഷ്ട്രീയവും മതവും വേർതിരിക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന യൂണിവേഴ്സിറ്റി പ്രതിഷേധങ്ങളെ നേരിട്ടു. 2022ൽ മഹ്‌സ അമിനിയെന്ന യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് വൻ പ്രക്ഷോഭമുയർന്നു.
പ്രഭാഷകൻ, എഴുത്തുകാരൻ
രാഷ്ട്രീയ–മതനേതാവ് എന്നതിനപ്പുറം സാമ്രാജ്യത്വവിരുദ്ധ ചിന്താഗതികളെ ദാർശനികമായി സമീപിച്ച മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു ആയത്തുള്ള അലി ഖമനേയി. ഇസ്ലാമിക വിപ്ലവത്തിന്റെ അന്തസ്സത്തയെയും പാശ്ചാത്യ അധിനിവേശത്തിന്റെ അപകടങ്ങളെയും കുറിച്ചുള്ള രചനകൾ ശ്രദ്ധേയം. ഇസ്രയേൽ അധിനിവേശത്തെയും പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിനെയും കുറിച്ച് പ്രതിപാദിക്കുന്ന ‘പലസ്‌തീൻ,’ ഇരുന്നൂറ്റമ്പത് വയസ്സുള്ള മനുഷ്യൻ, ഇസ്ലാമിക ചിന്തയുടെ രൂപരേഖ, വിശുദ്ധ പ്രവാചകനിൽനിന്നുള്ള പാഠങ്ങൾ, കാരുണ്യ കുടുംബം തുടങ്ങിയവ പ്രധാന കൃതികൾ.
യുഎസിനെതിരെ ആഞ്ഞടിച്ച് അവസാന പ്രസംഗം
ആയത്തുള്ള അലി ഖമനേയി അവസാനമായി പൊതുവേദിയിൽ എത്തിയത് ഇസ്രയേൽ–യുഎസ് ആക്രമണത്തിന് പത്തുദിവസം മുന്പ്, ഫെബ്രുവരി 17ന്. 1978-ലെ തബ്‌രിസ് പ്രക്ഷോഭ വാർഷികത്തിൽ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ ചേർന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം അമേരിക്കയ്‍ക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമെതിരെ ആഞ്ഞടിച്ചു.
പ്രസംഗത്തിൽനിന്ന്:
അമേരിക്കയെക്കുറിച്ചും ഞാൻ ചിലത് പറയാം. തകർച്ചയിലേക്ക് നീങ്ങുന്ന സാമ്രാജ്യമാണത്. അവരുടെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണ്. നയങ്ങളിൽ പ്രശ്നങ്ങളുണ്ട്. സമൂഹത്തിൽ പ്രതിഷേധമുണ്ട്. യുഎസ് ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേരും നിലവിലെ പ്രസിഡന്റിനെ അംഗീകരിക്കുന്നില്ല. അമേരിക്കയുമായി നമുക്കുള്ള പ്രശ്‌നം അവർ ഇറാനെ വിഴുങ്ങാൻ ആഗ്രഹിക്കുന്നു എന്നതാണ്. ഇറാൻ അവരെ തടയുന്നു, സാമ്രാജ്യത്വ താൽപ്പര്യങ്ങളുടെ വഴിമുടക്കി നിൽക്കുന്നു. 47 വർഷമായി അമേരിക്കയ്‍ക്ക് ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് സ്വന്തം ജനതയോട് പരാതിപ്പെട്ടു. ആ കുറ്റസമ്മതം സത്യമാണ്. ട്രംപിനും അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിക്ക് ചിലപ്പോൾ വീണ്ടും എഴുന്നേൽക്കാൻ കഴിയാത്തവിധം ശക്തമായ പ്രഹരം നേരിടേണ്ടി വന്നേക്കാം.
എക്‌സിൽ വാളേന്തിയ പുരോഹിതൻ
മരണം പ്രഖ്യാപിച്ചതിനു പിന്നാലെ, ഖമേനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പേർഷ്യൻ ഭാഷയിൽ ഒരു പോസ്റ്റ് വന്നു. ആദ്യത്തെ ഷിയാ ഇമാം ഹൈദറിന്റെ പേരിൽ (അലി ഇബ്നു അബി താലിബ്) ഖമനേയിക്ക് ശാന്തി ആശീർവദിക്കുന്ന പോസ്റ്റിനൊപ്പം അഗ്നിയിൽ വാൾ വീശുന്ന പുരോഹിതന്റെ ചിത്രവുമുണ്ട്.

കർണാടകവും കശ്‌മീരും സന്ദർശിച്ചു ; സുന്നി പള്ളിയിൽ സംസാരിച്ചു
ഇന്ത്യയുമായി ആത്മബന്ധം പുലര്‍ത്തിയ നേതാവാണ് യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. 1979ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം നടന്ന് രണ്ട് വര്‍ഷത്തിനുള്ളിൽ തന്നെ ആയത്തുള്ള അലി ഖമനേയി ഇന്ത്യയിലെത്തി. 1980കളുടെ തുടക്കത്തിൽ 41–ാം വയസിലാണ് ഖമനേയി കര്‍ണാടകത്തിലും കശ്‍മീരിലും സന്ദര്‍ശനം നടത്തിയത്. ഷിയ മുസ്ലിങ്ങള്‍ കൂടുതലായുള്ള ചിക്കബല്ലാപുരിലെ ആലിപുരിലാണ് ഖമനേയി എത്തിയത്. ഇവിടുള്ളവർ ഇറാനുമായി മതപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ട്. ഇറാൻ സർക്കാരിന്റെ പിന്തുണയോടെ ആലിപുരിൽ നിർമിച്ച ആശുപത്രി ഉദ്‌ഘാടനത്തിനാണ് ഖമനേയി എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ബംഗളൂരുവിലും അലിപുരിലുമെത്തിയ ഖമനേയിക്ക് വൻസ്വീകരണം ലഭിച്ചതിന്റെ തെളിവായുള്ള ചിത്രങ്ങൾ ഖമനേയിയുടെ വെബ്‌സൈറ്റിലുണ്ട്.
കശ്‌മീരിലെത്തിയ ഖമനേയി ശ്രീനഗറിലെ സുന്നി പള്ളിയിൽ വെള്ളിയാഴ്‌ച പ്രാർഥനയിൽ പങ്കെടുത്ത അദ്ദേഹം 15 മിനുട്ട് നേരം സംസാരിച്ചു. ഷിയ, സുന്നി വിഭാഗങ്ങൾ തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സമയത്താണ് അദ്ദേഹം പള്ളിയിലെത്തിയത്. സുന്നി പള്ളിയിൽ ഷിയ വിഭാഗത്തിൽ നിന്നുള്ള ഒരാൾ എത്തിയാൽ പള്ളി ശുദ്ധീകരിക്കുന്ന കാലമായിരുന്നു അതെന്നും ഖമനേയിയുടെ സന്ദർശനത്തോടെ ഇതിൽ മാറ്റം വന്നെന്നും കശ്‌മീരി എഴുത്തുകാരൻ ഖൽബി ഹുസൈൻ റിസ്‌വിയുടെ ആത്മകഥയിൽ പറയുന്നു.
പതിറ്റാണ്ടുകൾക്കുശേഷം 2012ൽ തെഹ്റാനിൽ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ സ്വീകരിക്കവെ തന്റെ ഇന്ത്യ സന്ദർശനത്തെ ഖമനേയി ഓർത്തെടുക്കുന്നുണ്ട്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, മൗലാനാ അബ്‌ദുൾ കലാം ആസാദ് എന്നിവരെക്കുറിച്ചും ഇന്ത്യയിലെ വൈവിധ്യത്തെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ നേതാക്കളോട് സംസാരിച്ചു.










0 comments