ad
Deshabhimani

എഐ സിനിമാ നിർമ്മാണ സോഫ്റ്റ്‌വെയറിന്റെ പേരിനെച്ചൊല്ലി തർക്കം; ഗൂഗിളിനെതിരെ ഓട്ടോഡെസ്ക് കോടതിയിൽ

Google.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 12:44 PM | 1 min read

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സിനിമാ നിർമ്മാണ സോഫ്റ്റ്‌വെയറിന്റെ പേരിനെച്ചൊല്ലി ആഗോള ടെക് ഭീമനായ ഗൂഗിളും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഓട്ടോഡെസ്കും തമ്മിൽ നിയമയുദ്ധം.


തങ്ങളുടെ 'ഫ്ലോ' എന്ന ട്രേഡ്‌മാർക്ക് ഗൂഗിൾ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഓട്ടോഡെസ്ക് സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ പരാതി നൽകി. സിനിമകൾ, ടിവി ഷോകൾ, വീഡിയോ ഗെയിമുകൾ എന്നിവയുടെ നിർമ്മാണത്തിനായി ഓട്ടോഡെസ്ക് വികസിപ്പിച്ച എഐ പ്ലാറ്റ്‌ഫോമിന് 2022 മുതൽ 'ഫ്ലോ' എന്ന പേരാണ് നൽകിയിരിക്കുന്നത്.


എന്നാൽ 2025 മെയിൽ ഇതേ വിപണി ലക്ഷ്യമാക്കി ഗൂഗിൾ പുറത്തിറക്കിയ എഐ വീഡിയോ നിർമ്മാണ ടൂളിനും 'ഫ്ലോ' എന്ന് പേരിട്ടതാണ് തർക്കത്തിന് കാരണമായത്. ഒരേ മേഖലയിലുള്ള രണ്ട് ഉൽപ്പന്നങ്ങൾക്ക് ഒരേ പേര് വരുന്നത് ഉപഭോക്താക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും ഓട്ടോഡെസ്ക് വാദിക്കുന്നു.


ഈ പേര് തങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കില്ലെന്ന് ഗൂഗിൾ നേരത്തെ ഉറപ്പുനൽകിയിരുന്നതായി ഓട്ടോഡെസ്ക് അവകാശപ്പെടുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ച് ഗൂഗിൾ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽ രഹസ്യമായി ട്രേഡ്‌മാർക്കിനായി അപേക്ഷ നൽകുകയും പിന്നീട് യുഎസിലും അവകാശവാദം ഉന്നയിക്കുകയുമായിരുന്നു.


വമ്പൻ കമ്പനിയായ ഗൂഗിൾ ഒരേ പേരിൽ ഉൽപ്പന്നം ഇറക്കുന്നത് വഴി തങ്ങളുടെ ചെറിയ ബ്രാൻഡിനെ വിപണിയിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഗൂഗിൾ 'ഫ്ലോ' എന്ന പേര് ഉപയോഗിക്കുന്നത് ഉടൻ തടയണമെന്നും തങ്ങൾക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഓട്ടോഡെസ്ക് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


ഓട്ടോകാഡ് ഉൾപ്പെടെയുള്ള ലോകപ്രശസ്ത ഡിസൈൻ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാതാക്കളാണ് ഓട്ടോഡെസ്ക്. ഗൂഗിളിന്റെ എഐ വീഡിയോ നിർമ്മാണ വിഭാഗമായ 'വീയോ' വഴി പുറത്തിറങ്ങാനിരുന്ന 'ഗൂഗിൾ ഫ്ലോ' എന്ന സംവിധാനം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.


കേസിനെക്കുറിച്ച് പ്രതികരിക്കാൻ ഗൂഗിൾ ഇതുവരെ തയ്യാറായിട്ടില്ല. എഐ മേഖലയിൽ കമ്പനികൾ തമ്മിലുള്ള പേറ്റന്റ്-ട്രേഡ്‌മാർക്ക് തർക്കങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ സൂചനയായാണ് ഈ പുതിയ കേസിനെ വിദഗ്ധർ കാണുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home