ഓസ്ട്രിയൻ ആൽപ്സിൽ പാരാഗ്ലൈഡറിലേക്ക് വിമാനം ഇടിച്ചുകയറി; വീഡിയോ

പാരാഗ്ലൈഡറിലേക്ക് വിമാനം ഇടിച്ചുകയറുന്ന ദൃശ്യം (Photo: X)
വിയന്ന : ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിൽ വെച്ച് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവതിയുടെ നേർക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വടക്കൻ ഓസ്ട്രിയയിലെ പ്രശസ്തമായ പാരാഗ്ലൈഡിങ് കേന്ദ്രമായ ഷ്മിറ്റൻഹോഹെ പർവതത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ന്യൂയോർക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
44 കാരിയായ സബ്രീന എന്ന പരിചയസമ്പന്നയായ പാരാഗ്ലൈഡറാണ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സബ്രീന തന്റെ ക്യാമറ ഓൺ ചെയ്ത് പറക്കുന്നതിനിടെ ഒരു ചെറു വിനോദസഞ്ചാര വിമാനം ഇവരുടെ പാരാഗ്ലൈഡറിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനം തട്ടിയ ആഘാതത്തിൽ പാരാഗ്ലൈഡറിന്റെ വിംഗുകൾ പകുതിയായി കീറിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിയന്ത്രണം നഷ്ടപ്പെട്ട് ആകാശത്ത് വെച്ച് വട്ടംകറങ്ങി താഴേക്ക് പതിക്കുന്നതിനിടെ സബ്രീന നിലവിളിക്കുന്നുണ്ടായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന എമർജൻസി റിസർവ് പാരച്യൂട്ട് തുറക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഇതാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. വിവരമറിഞ്ഞ് ഓസ്ട്രിയൻ പോലീസ് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി സബ്രീനയെ രക്ഷപ്പെടുത്തി വൈദ്യപരിശോധനയ്ക്കായി സമീപത്തെ എയർപോർട്ടിലേക്ക് മാറ്റി. വിമാനത്തിന്റെ പ്രൊപ്പല്ലർ തട്ടിയാണ് പാരാഗ്ലൈഡറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതെന്നും റിസർവ് പാരച്യൂട്ട് കൃത്യസമയത്ത് തുറന്നതാണ് രക്ഷയായതെന്നും സാൽസ്ബർഗ് സ്റ്റേറ്റ് പോലീസ് അറിയിച്ചു.
തനിക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും സബ്രീന പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഇത് ടൈപ്പ് ചെയ്യാൻ ഞാൻ ഇപ്പോഴും ഇവിടെയുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ചില ചതവുകൾ ഒഴിച്ചാൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആകാശപാതകൾ പങ്കിടുമ്പോഴുള്ള അപകടസാധ്യതകളും ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ജീവൻരക്ഷാ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ.










0 comments