ഫുജൈറയിൽ ഇറാൻ ഡ്രോൺ ആക്രമണം; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രധാന തുറമുഖ നഗരമായ ഫുജൈറയിലുണ്ടായ ഡ്രോൺ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇറാൻ നടത്തിയ ആക്രമണത്തിലാണ് അപകടമെന്ന് യുഎഇ വ്യക്തമാക്കി.
ഫുജൈറയിലെ പ്രധാന എണ്ണമേഖലയിൽ തിങ്കളാഴ്ചയുണ്ടായ ആക്രമണം വൻ തീപിടുത്തത്തിന് കാരണമായി. യുഎഇ പ്രതിരോധ മന്ത്രാലയം പിന്നീടാണ് വിവരങ്ങൾ പുറത്തു വിട്ടത്. പരിക്കേറ്റ മൂന്ന് ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനിൽ നിന്ന് തൊടുത്തുവിട്ട 12 ബാലിസ്റ്റിക് മിസൈലുകളും, മൂന്ന് ക്രൂയിസ് മിസൈലുകളും, നാല് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വകവരുത്തിയെന്ന് യു എ ഇ അവകാശപ്പെട്ടു.
ലോകത്തിലെ എണ്ണയുടെയും ഖനവാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുകയാണ്. ചർച്ചകളിലെ പ്രതിസന്ധി ഇനിയും നീങ്ങിയില്ല. ഇത് എണ്ണവില കുത്തനെ ഉയരുന്നതിനും നിരവധി രാജ്യങ്ങളിൽ ഊർജ ക്ഷാമത്തിനും കാരണമായിട്ടുണ്ട്.
ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ പൂർണമായും സജ്ജരാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോട്ടം വരുത്താൻ ലക്ഷ്യമിടുന്ന എന്തിനെയും ഉറച്ച് നേരിടുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇറാൻ ആക്രമണങ്ങളിൽ ഇതുവരെ UAE-യിൽ 13 പേർ മരിക്കുകയും 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്









0 comments