ഹോർമൂസിലെ ആക്രമണം; അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ഇസ്മയില്‍ ബഗായി (Photo: AFP)
തെഹ്റാൻ: അമേരിക്കയുമായി ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ ഇതുവരെ പദ്ധതിയിട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി. ഇക്കാര്യത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ഇറാൻ പ്രതിനിധി സംഘം പങ്കെടുക്കില്ല.
വെടിനിർത്തൽ കരാർ ആരംഭിച്ചത് മുതൽ അമേരിക്ക അത് ലംഘിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. മുൻ ചർച്ചകൾക്കിടെ ഇറാന് നേരെയുണ്ടായ യുഎസ് ആക്രമണങ്ങൾ മറക്കാൻ കഴിയില്ലെന്നും ഇസ്മയില്‍ ബഗായി കൂട്ടിചേർത്തു.
സമാധാന ചർച്ചകൾക്കായി പ്രതിനിധികൾ പാകിസ്ഥാനിലേക്ക് പോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്‌നർ എന്നിവരെയാകും അമേരിക്ക ആദ്യം അയക്കുക. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇസ്ലാമാബാദിലേക്ക് പോകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചർച്ചകൾ ആരംഭിച്ചാൽ അദ്ദേഹം പങ്കെടുത്തേക്കും.
Related News
ചർച്ചകളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ഇസ്ലാമാബാദിലുടനീളം കടുത്ത സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പൊലീസുകാരെയും അർദ്ധസൈനികരെയും വിന്യസിക്കുകയും പ്രധാന റോഡുകൾ അടയ്ക്കുകയും ചെയ്തു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏഷ്യൻ വിപണിയിൽ 7 ശതമാനത്തിലധികം വർധിച്ച് ബാരലിന് ഏകദേശം 96 ഡോളറിന് മുകളിലെത്തി.
ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'തൗസ്ക' (Touska) എന്ന ഇറാനിയൻ ചരക്ക് കപ്പലിന് നേരെ യുഎസ് സേന വെടിയുതിർക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങൾ ആഗോള ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്ന ഭീതി ഉയരുകയാണ്.










0 comments