യുഎസ്–ഇറാൻ സമാധാന ചർച്ച
print edition പാക് കരസേനാ മേധാവി ഇറാനിലെത്തി

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ വിമാനത്താവളത്തിൽ പാകിസ്താൻ കരസേനാ മേധാവി അസിം മുനീറിനെ ഇറാൻ വിദേശകാര്യ മന്ത്രി സ്വീകരിക്കുന്നു, Photo; The Hindu
തെഹ്‌റാൻ: യുഎസ്–ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ നടത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ കരസേനാ മേധാവി അസീം മുനീർ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെത്തി. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം. ഇറാനിലെ ഉന്നത രാഷ്‌ട്രീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി വ്യാഴാഴ്‌ച രാവിലെയോടെ പാർലമെന്റിൽ ചർച്ച നടത്തിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു
.
എന്താണ് സംസാരിച്ചതെന്ന് വ്യക്തമാക്കാനാകില്ലെന്നും വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയുണ്ടെന്ന് പാകിസ്ഥാൻ വിദേശ മന്ത്രാലയ പ്രതിനിധി താഹിർ ആൻഡ്രേബി പറഞ്ഞു. ചർച്ചയ്‌ക്കുള്ള തീയതിയിൽ തീരുമാനമായില്ലെന്ന് അദ്ദേഹം അറിയിച്ചു. കരസേനാ മേധാവിയുടെ സന്ദർശനത്തിനെ സ്വാഗതംചെയ്‌തു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി എക്‌സിൽ പോസ്റ്റിട്ടിരുന്നു. ഏപ്രിൽ 22നാണ് സമാധാന ഉടന്പടിയുടെ കാലാവധി അവസാനിക്കുക.
അതേസമയം, രണ്ടു ദിവസത്തിനകം യുദ്ധം അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കുന്ന പാകിസ്ഥാൻ പ്രതിനിധികൾക്ക് ട്രംപ് നന്ദി പറഞ്ഞു. സമാധാന ചർച്ചകൾ നടക്കുകയാണെങ്കിൽ പാകിസ്ഥാനാകും വേദിയാകുകയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇറാന്റെ ആണവ പദ്ധതി, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം, യുദ്ധകാലത്തുണ്ടായ നാശനഷ്‌ടങ്ങൾക്കുള്ള നഷ്‌ടപരിഹാരം എന്നിവയാണ് മുഖ്യമായും ചർച്ചയാവുക എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഉടൻ ആക്രമണം പുനരാരംഭിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാൻ വഴങ്ങിയില്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്നും സൈന്യം യുദ്ധത്തിന് സജ്ജമാണെന്നും ഹെഗ്‌സെത്ത് ഭീഷണിമുഴക്കി.










0 comments