നൈജീരിയയിൽ സമാധാന ചർച്ചകൾക്കിടെ സായുധസംഘം 39 പേരെ തട്ടിക്കൊണ്ടുപോയി

പ്രതീകാത്മകചിത്രം
അബൂജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ സമാധാന ചർച്ചകൾക്കിടെ തോക്കുധാരികൾ 39 പേരെ തട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ഒരു കൊള്ളസംഘത്തിന്റെ നേതാവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്ന 39 പേരെയാണ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മാതാപിതാക്കളുമായി 47 ഓളം താമസക്കാർ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സായുധസംഘം അവരിൽ ഭൂരിഭാഗത്തെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വക്താവ് യാസിദ് അബൂബക്കർ പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിലെ സാംഫാര സംസ്ഥാനത്തെ മറാദൂൺ പ്രദേശത്തെ മഗാമിൻ ദിദ്ദിയിലാണ് കൂട്ട തട്ടിക്കൊണ്ടുപോകൽ ഉണ്ടായത്. വടക്കൻ നൈജീരിയയിലെ നിരന്തരമായ ആക്രമണങ്ങളിൽ സൈന്യം ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രദേശത്തെ സമൂഹങ്ങൾ പലപ്പോഴും സായുധ ഗ്രൂപ്പുകളുമായി ചർച്ച നടത്തുന്നത്.
നിലവിൽ സങ്കീർണ്ണമായ സുരക്ഷാ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വർഷങ്ങളായി കലാപവും മോചനദ്രവ്യത്തിനും അനധികൃത ഖനനത്തിനുമായി തട്ടിക്കൊണ്ടുപോകലുകലും നടത്തുന്ന സായുധ സംഘങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ കലാപത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേർ പലായനം ചെയ്യുകയും ചെയ്തു.
ഈ മാസം ആദ്യം വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികൾ സ്കൂൾ ക്യാമ്പസിന് പുറത്തുള്ള വസതിയിൽ നിന്ന് ഏഴ് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. ജനുവരിയിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ തന്നെ കടുന സംസ്ഥാനത്ത് പള്ളിയിൽ നിന്ന് 150 പേരെ തട്ടിക്കൊണ്ടുപോയി. ഇതിനും മാസങ്ങൾക്ക് മുമ്പ് ഒരു സ്കൂളിൽ നിന്ന് 300ഓളം വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ സംഭവം ആഗോളതലത്തിൽ ചർച്ചയായിരുന്നു.









0 comments