കൈവെടിഞ്ഞ് ഉറ്റ അനുയായിയും ! ട്രംപിനെ ഭരണത്തിലെത്തിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ടക്കർ കാൾസൺ

ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഡോണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിക്കാൻ സഹായിച്ചതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രശസ്ത യുഎസ് ഇൻഫ്ലുവൻസറും ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന ടക്കർ കാൾസൺ വെളിപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറങ്ങിയ തന്റെ പോഡ്കാസ്റ്റിലാണ് മുൻ ഫോക്സ് ന്യൂസ് അവതാരകൻ കൂടിയായ കാൾസൺ ഈ പരസ്യ കുറ്റസമ്മതം നടത്തിയത്.
ഇറാനുമായുള്ള യുദ്ധസാധ്യതയെച്ചൊല്ലി ട്രംപുമായി ഉടലെടുത്ത കടുത്ത ഭിന്നതയാണ് കാൾസണെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അമേരിക്കയുടെ വിദേശ സൈനിക ഇടപെടലുകളെ പണ്ടുമുതലേ എതിർക്കുന്ന കാൾസൺ, ഇറാനെ 'നരകമാക്കി മാറ്റും' എന്ന ട്രംപിന്റെ ഭീഷണി തന്നെ ഞെട്ടിച്ചുവെന്നും ട്രംപിന്റെ പെരുമാറ്റം തിന്മ നിറഞ്ഞതാണെന്നും ആരോപിച്ചു.
കാൾസന്റെ വിമർശനങ്ങൾക്ക് പരിഹാസരൂപേണയാണ് ട്രംപ് മറുപടി നൽകിയത്. കാൾസൺ ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണണമെന്നും അദ്ദേഹം ബുദ്ധിശക്തി കുറഞ്ഞവനാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചു. 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിയായിരുന്നു കാൾസൺ.
ജെ.ഡി. വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നതിലും റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപിന് ആവേശം പകരുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ തന്റെ മനസ്സാക്ഷി തന്നെ വേട്ടയാടുന്നുണ്ടെന്നും ജനങ്ങളെ തെറ്റായ വഴിക്ക് നയിച്ചതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും കാൾസൺ ആവർത്തിച്ചു.









0 comments