മയക്കുമരുന്ന് കടത്താരോപിച്ച് ബോട്ടിന് നേരെ ആക്രമണം, യു എസ് സൈന്യം ഈ വര്‍ഷം കൊലപ്പെടുത്തിയത് 202 പേരെ

വാഷിങ്ടൺ: യു എസ് സൈന്യം പസഫിക് സമുദ്രത്തിൽ മത്സ്യബന്ധന ബോട്ടിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് സെപ്റ്റംബറിൽ ആരംഭിച്ച സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 202 ആയി.
പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ ഈ ആഴ്ചയിലെ മൂന്നാമത്തെ ആക്രമണമാണ്. ഒരു ചെറിയ ബോട്ട് മിസൈൽ ആക്രമണത്തിൽ തകരുന്നതിന്റെയും തീഗോളമാകുന്നതിന്റെയും ദൃശ്യങ്ങൾ യു എസ് സേന തന്നെ പുറത്തുവിടുകയും ചെയ്തു. ലാറ്റിൻ അമേരിക്കൻ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ട്രംപ് പ്രഖ്യാപിച്ച "സായുധ യുദ്ധം" ത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങൾ.
സാധാരണയായി ഇത്തരം കടത്തുകൾ തടയാൻ കോസ്റ്റ് ഗാർഡിനെ ഉപയോഗിച്ച് അറസ്റ്റ് ഉൾപ്പെടെ നിയമ നടപടികളിലേക്ക് നീങ്ങുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇവരെ ഭീകരവാദികളായി പ്രഖ്യാപിച്ച് നേരിട്ട് ബോംബെറിഞ്ഞ് തകർക്കുന്ന രീതിയാണ് സൈന്യം സ്വീകരിക്കുന്നത്.
ആക്രമിക്കപ്പെട്ട ബോട്ടിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിനോ, അവർ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവരാണെന്നതിനോ യു എസ് സൈന്യം കൃത്യമായ തെളിവുകളൊന്നും പുറത്തുവിടാറില്ല. ഇതുവരെ ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത് ഇത്തവണ കളര്‍ വീഡിയോ ആയാണ് പുറത്തു വിട്ടിരിക്കുന്നത്.
നിയമപരമായ വിചാരണയോ തെളിവുകളോ ഇല്ലാതെ കടലിൽ വെച്ച് ആളുകളെ വധിക്കുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. കരീബിയൻ മേഖലയിൽ യു എസ് നടത്തുന്ന ഈ സൈനിക നീക്കങ്ങൾ വലിയ അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് കാരണമാകുമെന്ന ആശങ്കയും ഉയരുന്നു.










0 comments