ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ആക്രമണം; ഇന്ധന ടാങ്ക് തകർന്നു

മസ്കത്ത്: ഒമാനിലെ ദുഖം വാണിജ്യ തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്ക് തകർന്നു. ഒമാൻ വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഭൗതികമായ നാശനഷ്ടങ്ങൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
മധ്യ ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന കേന്ദ്രത്തിന് നേരെ മേഖലയിലെ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ഞായറാഴ്ചയും രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. അന്ന് ഉണ്ടായ സ്ഫോടനത്തിൽ ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇറാനെ ആക്രമിച്ചതിനു പിന്നാലെ ലബനനിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാനെ ആക്രമിച്ചതിനുപിന്നാലെ ഇസ്രയേലിനെതിരെ ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. ഇതിനുപിന്നലെയാണ് ഇസ്രയേൽ ലബനനെതിരെ തിരിഞ്ഞത്. തിങ്കളാഴ്ച രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ പലായനം ചെയ്തു.
ഗൾഫിലുടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഇറാൻ ആക്രമിച്ചു. ഇത് ആഗോള എണ്ണ, വാതക വില കുത്തനെ ഉയർത്തി. ഖത്തറിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയെ ആക്രമിച്ചതിനെത്തുടർന്ന് എല്ലാ എൽഎൻജി ഉൽപാദനവും നിർത്തിവച്ചു.
ഇറാനിലെ ഗെരാഷ് മേഖലയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇറാനിലും ലെബനനിലും മരണസംഖ്യ 600 കവിഞ്ഞു. ഇറാനെതിരായ സൈനിക നടപടി നാല് ആഴ്ച വരെ നീണ്ടുനിൽക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു, തെഹ്‌റാന്റെ മിസൈൽ, ആണവ ശേഷികൾ നശിപ്പിക്കാൻ വാഷിങ്ടൺ എന്തും ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.










0 comments