ad
Deshabhimani

ഏഷ്യൻരാജ്യങ്ങളിൽ അമേരിക്കയുടെ “ ഇ-മാലിന്യ സുനാമി” ഓരോ മാസവും കയറ്റിവിടുന്നത് 2000 കണ്ടെയ്നറുകൾ

e waste
avatar
എൻ എ ബക്കർ

Published on Oct 23, 2025, 03:14 PM | 4 min read

സിയാറ്റിൽ: അമേരിക്കയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടതും മാരകവുമായ ദശലക്ഷക്കണക്കിന് ടൺ ഇലക്ട്രോണിക് ഉപകരണങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി വിടുന്നതായി പരിസ്ഥിതി ഗവേഷണ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഉൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലെ വികസ്വര രാജ്യങ്ങളാണ് ഈ മാലിന്യ നിക്ഷേപങ്ങളുടെ ഇര.


സിയാറ്റിൽ ആസ്ഥാനമായുള്ള ബാസൽ ആക്ഷൻ നെറ്റ്‌വർക്ക് ( BAN) രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് റിപ്പോർട് പുറത്ത് വിട്ടിരിക്കുന്നത്. ഏഷ്യയിലും മിഡിൽ ഈസ്റ്റിലും യുഎസ് മാലിന്യ സുനാമി തീർക്കുന്നതായാണ് മുന്നറിയിപ്പ്. ഓരോ മാസവും ഏകദേശം 33,000 മെട്രിക് ടൺ ഇ മാലിന്യങ്ങൾ അമേരിക്ക കയറ്റി വിടുന്നു.


 അപകടകരമായ മാലിന്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ  തയ്യാറാകുന്നില്ല. മുൻകാലങ്ങളിലേക്കാൾ വലിയ തോതിൽ മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. അവ യാതൊരു തത്വദീക്ഷയുമില്ലാതെ വികസ്വര രാജ്യങ്ങളിലേക്ക് തള്ളിവിടുന്നു. നിയന്ത്രണത്തിനുള്ള അന്താരാഷ്ട്ര കരാറുകളിൽ ഒപ്പിടാതെ ഒളിച്ചുകളി തുടരുന്നു- ബാസൽ നെറ്റ്‌വർക്ക് സംഘം ബുധനാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.

 

പേരിൽ കയറ്റുമതി, ഫലത്തിൽ മാലിന്യം തള്ളൽ


അമേരിക്ക കേന്ദ്രമായി, ഉപയോഗിച്ച ഇലക്ട്രോണിക്‌സ് കയറ്റുമതി ചെയ്യുന്ന കുറഞ്ഞത് 10 യുഎസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.  ഇലക്ട്രോണിക് മാലിന്യത്തിന്റെ "മറഞ്ഞിരിക്കുന്ന സുനാമി" യാണ് ഇവർ സൃഷ്ടിക്കുന്നത്.


e waste 25


ഇലക്ട്രോണിക്‌സ് സെക്കൻസ് സെയിൽസും പുനരുപയോഗവും ലക്ഷ്യമാക്കിയുള്ള മേഖല ലാഭകരമായ ബിസിനസ് ആയി മാറിയിരിക്കയാണ്. അമേരിക്കൻ ജനതയും കോർപ്പറേറ്റ് ഐടി സ്ഥാപനങ്ങളും മറ്റും പുറം തള്ളുന്ന മാലിന്യങ്ങളിൽ പ്രധാന ഭാഗം തെക്കുകിഴക്കൻ ഏഷ്യയിലേക്ക് എത്തുന്നു. ദോഷകരമായ സാഹചര്യങ്ങളിൽ അവ രഹസ്യമായി കയറ്റുമതി ചെയ്യപ്പെടുന്നു. പുനരുപയോഗം മാത്രമല്ല സംസ്‌കരിക്കാനും ഇത്തരം രാജ്യങ്ങളെ ഉപയോഗപ്പെടുത്തുന്നു. സംസ്കരിക്കുക എന്നാൽ ഏറ്റവും അശാസ്ത്രീയമായ കത്തിക്കലോ കുഴിച്ചു മൂടലോ ആണ്.

 

ലോകത്തിനൊപ്പം വളരുന്ന ഇ-മാലിന്യം


ഇലക്ട്രോണിക് മാലിന്യത്തിൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ പോലുള്ള ഉപേക്ഷിക്കപ്പെട്ട പ്രത്യക്ഷത്തിൽ അപകടകരമായി തോന്നാത്ത വസ്തുക്കളാണ്. ഇവയിൽ ലെഡ്, കാഡ്മിയം, മെർക്കുറി പോലുള്ള വിഷ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. യൂസ് ആന്റ് ത്രോ സംസ്കാരമാണ് ഈ മേഖലയിൽ പുലരുന്നത്. ഗാഡ്‌ജെറ്റുകൾ വേഗത്തിൽ തന്നെ മാറ്റുകയാണ് ആളുകൾ ചെയ്യുന്നത്. ഈ ഉപേക്ഷിക്കൽ നടക്കുന്നത് ആഗോള ഇ-മാലിന്യം പുനരുപയോഗം ചെയ്യുന്നതിനേക്കാൾ അഞ്ചിരട്ടി വേഗത്തിലാണ്. ഒരു ഇ മാലിന്യം സംസ്കരിക്കപ്പെടുമ്പോൾ നാല് എണ്ണം പുതിയതായി ഉപേക്ഷിക്കപ്പെടുന്നു.

 

2022 ൽ ലോകം 62 ദശലക്ഷം മെട്രിക് ടൺ മാലിന്യം പുറന്തള്ളി റെക്കോർഡ് സൃഷ്ടിച്ചു. 2030 ആകുമ്പോഴേക്കും അത് 82 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.  ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും അതിന്റെ ഗവേഷണ വിഭാഗമായ UNITAR ഉം ഉയർത്തിയ കണക്കുകളാണിത്.


മണ്ണിലും ജലത്തിലും തലമുറകളോളം


ലോകത്തിലെ മൊത്തം ഇ-മാലിന്യത്തിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നത് അമേരിക്കയാണ്. അവയുടെ ദൂഷ്യഫലങ്ങൾ മുഴുവൻ ഏറ്റുവാങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളുമാണ്.  ഭൂരിഭാഗവും ലാൻഡ്‌ഫില്ലുകളിൽ നിക്ഷേപിക്കപ്പെടുന്നു. വിഷ രാസവസ്തുക്കൾ പരിസ്ഥിതിയിലേക്ക് ഒഴുകുന്നു. ചിലത് അനൗപചാരിക സ്‌ക്രാപ്‌യാർഡുകളിൽ അവസാനിക്കുന്നു. അവിടെ തൊഴിലാളികൾ ഉപകരണങ്ങൾ കത്തിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യുന്നു. സംരക്ഷണമില്ലാതെയും രാസഫലങ്ങൾ തിരിച്ചറിയാതെയുമാണ് പ്രവർത്തനം.


e waste


ഓരോ മാസവും 2000 കണ്ടെയ്നറുകൾ


മാസത്തിൽ 2,000 കണ്ടെയ്‌നറുകൾ - ഏകദേശം 33,000 മെട്രിക് ടൺ ഉപയോഗിച്ച ഇലക്ട്രോണിക്‌സ് വസ്തുക്കൾ യുഎസ് തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു. "ഇ-വേസ്റ്റ് ബ്രോക്കർമാർ" എന്നറിയപ്പെടുന്ന ഈ കയറ്റുമതിക്ക് പിന്നിലുള്ള കമ്പനികൾ മാലിന്യങ്ങൾ സ്വയം പുനരുപയോഗം ചെയ്യുന്നവരല്ല. മറിച്ച് വികസ്വര രാജ്യങ്ങളിലെ കമ്പനികൾ വഴി കൈമാറുകയാണ് മാത്രമാണ് ചെയ്യുന്നത്.


റിപ്പോർട് പരാമർശിക്കുന്ന പ്രധാന ഇ വേസ്റ്റ് ബ്രോക്കർ കമ്പനികളിൽ ആറ്റൻ റീസൈക്ലിംഗ്, കോർപ്പറേറ്റ് ഇ-വേസ്റ്റ് സൊല്യൂഷൻസ് (CEWS, ക്രിയേറ്റീവ് മെറ്റൽസ് ഗ്രൂപ്പ്, EDM, ഫസ്റ്റ് അമേരിക്ക മെറ്റൽ കോർപ്പ്, GEM അയൺ ആൻഡ് മെറ്റൽ ഇൻ‌കോർപ്പറേറ്റഡ്, ഗ്രീൻ‌ലാൻഡ് റിസോഴ്‌സ്, IQA മെറ്റൽസ്, PPM റീസൈക്ലിംഗ്, സെംസോട്ടായി എന്നിവ ഉൾപ്പെടുന്നു.


ഇവയിൽ ആറ് കമ്പനികൾ അവരുടെ പ്രവർത്തനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇവയിൽ CEWS എന്നു പേരുള്ള കമ്പനി അന്വേഷകരോട് പ്രതികരിച്ചു. എന്നാൽ പുനരുപയോഗം ചെയ്യുന്ന വസ്തുക്കൾ എവിടെ, എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ വിവരങ്ങൾ പറയാൻ വിസമ്മതിച്ചു. വ്യാവസായിക രഹസ്യങ്ങൾ എന്നവകാശപ്പെട്ടാണ് മറച്ചുവെക്കൽ.

 

ഒരു ബില്യൺ യുഎസ് ഡോളറിന്റെ സുനാമി

 

2023 ജനുവരി മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ, 10 കമ്പനികൾ ഒരു ബില്യൺ യുഎസ് ഡോളറിലധികം വിലമതിക്കുന്ന 10,000-ത്തിലധികം കണ്ടെയ്‌നർ ഇ-മാലിന്യങ്ങൾ കയറ്റുമതി ചെയ്തതായി റിപ്പോർട്ട് കണ്ടെത്തി. ഇതിലെ വ്യാപാര ഇടപാട് പ്രതിമാസം 200 മില്യൺ യുഎസ് ഡോളറിന്റെയാണെന്ന് കണക്കാക്കുന്നു.

 

തിരഞ്ഞെടുത്ത 10 കമ്പനികളിൽ എട്ടെണ്ണം R2V3 സർട്ടിഫിക്കേഷനുകൾ കൈവശം ഉള്ളതായി അവകാശപ്പെടുന്നുണ്ട്.  ഇലക്ട്രോണിക്സ് മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പുനരുപയോഗം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഒരു വ്യവസായ മാനദണ്ഡമാണിത്. അതേസമയം തന്നെ അത്തരമൊരു സർട്ടിഫിക്കേഷന്റെ മൂല്യത്തെക്കുറിച്ച് തന്നെ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ എന്ന് റിപ്പോർട് വ്യക്തമാക്കുന്നു. കർശനമായ ഇ-മാലിന്യ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും, നിരവധി കമ്പനികൾ ഇടനില നിന്ന് സുരക്ഷിത ദൂരത്തിൽ പ്രവർത്തിക്കുന്നു.

 

ബാസൽ കൺവെൻഷനും അമേരിക്കയുടെ കള്ളത്തരവും


മനുഷ്യരുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും അപകടകരമായ മാലിന്യങ്ങളുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ധാരണയാക്കപ്പെട്ട അന്താരാഷ്ട്ര കരാറാണ് ബാസൽ കൺവെൻഷൻ. 1989-ൽ അംഗീകരിക്കപ്പെടുകയും 1992-ൽ പ്രാബല്യത്തിൽ വരികയും ചെയ്തു.


 ഇത് അപകടകരമായ മാലിന്യങ്ങളുടെ അതിർത്തി കടന്നുള്ള നീക്കങ്ങൾ നിയന്ത്രിക്കുകയും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ മാലിന്യ കയറ്റുമതിക്കായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ രേഖാമൂലമുള്ള സമ്മതം നേടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

Basel


മാലിന്യ ഉത്പാദനം കുറയ്ക്കുക, പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ അപകടകരമായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുക, വികസ്വര രാജ്യങ്ങളിൽ വിഷ മാലിന്യങ്ങൾ നിയമവിരുദ്ധമായി തള്ളുന്നത് തടയുക എന്നിവയാണ് കൺവെൻഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.


ഈ ഉടമ്പടിയിൽ ഒപ്പു വെച്ച രാഷ്ട്രങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ മാലിന്യം അയക്കാൻ നിയമപരമായ അവകാശമുള്ളത്. അമേരിക്ക ഈ ഉടമ്പടിയിൽ ഒപ്പുവെക്കാത്ത ഏക രാജ്യമാണ്. അവരാണ് ഏറ്റവും അധികം മാലിന്യം പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന രാജ്യങ്ങളിലേക്ക് തള്ളിവിടുന്നത്. അതും കള്ളപ്പേരുകളിലും നിയമങ്ങളും നിബന്ധനകളും ഒന്നുപോലും പാലിക്കാതെയും.


കപ്പലുകളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നുമുള്ള സർക്കാർ, സ്വകാര്യ വ്യാപാര രേഖകൾ ബാസൽ ആക്ഷൻ നെറ്റ്വർക്ക് പ്രവർത്തകർ അവലോകനം ചെയ്യുന്നുണ്ട്. മാലിന്യ കയറ്റുമതി പലപ്പോഴും വ്യാപാര കോഡുകൾക്ക് കീഴിൽ വെളുപ്പിച്ചിട്ടാണെന്ന് അവർ കണ്ടെത്തി. അസംസ്കൃത ലോഹങ്ങൾ അല്ലെങ്കിൽ മറ്റ് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ, വ്യവസായ ഉത്പന്നങ്ങൾ എന്നപേരിലാണ് ഇവ കോഡ് ചെയ്യുന്നത്. പിടിക്കപ്പെടാതെയും പിടികൊടുക്കാതെയും ചെയ്യുന്ന ഈ മാരകമായ ഇടപാടിൽ ഭരണകൂടം കണ്ണടച്ച് അനുമതി നൽകുന്നു.


അമേരിക്കയുടെ കയറ്റുമതിയിൽ ആറ് ശതമാനം


2023 മുതൽ 2025 വരെയുള്ള കാലയളവിൽ എല്ലാ യുഎസ് കയറ്റുമതിയുടെയും ഏകദേശം 6% ഇ-മാലിന്യത്തിൽ നിന്നായിരിക്കാമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. 2017 ൽ ചൈന വിദേശ മാലിന്യങ്ങളുടെ ഇറക്കുമതി നിരോധിച്ചതിനുശേഷമാണ് ഈ കമ്പനികൾ പലതും കൂടുമാറിയത്. ഇവർ പെർമിറ്റുകൾ നേടുന്നതിനായി കുടുംബ, ബിസിനസ് ബന്ധങ്ങൾ ഉപയോഗിച്ച് തെക്കുകിഴക്കൻ ഏഷ്യയിലേക്ക് പ്രവർത്തനങ്ങൾ മാറ്റി. “മലേഷ്യ പെട്ടെന്ന് മാലിന്യങ്ങളുടെ മെക്കയായി മാറി,” ബാസൽ ആക്ഷൻ നെറ്റ്‌വർക്കിലെ ജിം പക്കറ്റ് പറഞ്ഞു.


തായ്‌ലൻഡിലെയും മലേഷ്യയിലെയും അധികാരികൾ യുഎസ് ഇ-മാലിന്യത്തിന്റെ നിയമവിരുദ്ധ ഇറക്കുമതി തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.


മെയ് മാസത്തിൽ, തായ് അധികൃതർ ബാങ്കോക്ക് തുറമുഖത്ത് 238 ടൺ യുഎസ് ഇ-മാലിന്യം പിടിച്ചെടുത്തു. ബാങ്കോക്ക് തുറമുഖത്ത് 238 ടൺ യുഎസ് സ്ക്രാപ്പ് പിടിച്ചെടുത്തു. ജൂണിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ മലേഷ്യൻ അധികൃതർ 118 മില്യൺ ഡോളറിന്റെ ഇ-മാലിന്യം കണ്ടുകെട്ടി.


ഇ-മാലിന്യത്തിന്റെ ഉദാഹരണങ്ങളിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, എംപി3 പ്ലെയറുകൾ, കമ്പ്യൂട്ടർ സ്‌ക്രീനുകൾ, ഇ-റീഡറുകൾ, ഹെഡ്‌ഫോണുകൾ, ഡാറ്റ സ്റ്റിക്കുകൾ, ഇലക്ട്രോണിക് അടുക്കള ഗാഡ്‌ജെറ്റുകൾ അല്ലെങ്കിൽ സംഗീതം റെക്കോർഡ് ചെയ്യുന്നതോ പ്ലേ ചെയ്യുന്നതോ ആയ കുട്ടികളുടെ കളിപ്പാട്ടങ്ങൾ പോലുള്ള ഗാർഹിക ഇലക്ട്രോണിക്‌സ് വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ചുരുക്കത്തിൽ, ഒരു ചരടോ ബാറ്ററിയോ ഉള്ള എല്ലാം, ഒരിക്കൽ ഉപേക്ഷിച്ചാൽ, ഇ-മാലിന്യമായി മാറുന്നു.


ഈ ഗാഡ്‌ജെറ്റുകളിൽ വിവിധ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു, ചിലത് വിലപ്പെട്ടതും, ചിലത് വിഷാംശമുള്ളതും, ചിലത് രണ്ടും കൂടിയുള്ളതുമാണ്. ഇവയെ സ്വന്തം രാജ്യത്ത് നിന്നും ഒഴിവാക്കി പാവപ്പെട്ട രാജ്യങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണ്. ഇ വേസ്റ്റ് കൊളോണിയലിസം എന്ന് ഇതിനെ വിശേഷിപ്പിച്ച് തുടങ്ങിയിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home