ad
Deshabhimani

റഷ്യ- അമേരിക്ക ആണവായുധ നിയന്ത്രണ കരാർ കാലഹരണപ്പെട്ടു: ആഗോള സുരക്ഷയിൽ പുതിയ ആശങ്ക

new start
വെബ് ഡെസ്ക്

Published on Feb 05, 2026, 04:30 PM | 3 min read

അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് ഉടമ്പടി വ്യാഴാഴ്ച ഔദ്യോഗികമായി കാലഹരണപ്പെട്ടു. ഇതോടെ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിലേറെയായി നിലനിന്നിരുന്ന ആണവായുധങ്ങൾക്ക് മേലുള്ള നിയന്ത്രണ കരാറുകൾ പൂർണമായും ഇല്ലാതായി.


ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവായുധ ശക്തികളാണ് അമേരിക്കയും റഷ്യയും. ഇനി ഇരു രാജ്യങ്ങളുടെയും ആണവ ശേഖരങ്ങൾക്കു മേൽ അന്താരാഷ്ട്ര ധാരണ പ്രകാരമുള്ള യാതൊരു നിയമപരമായ നിയന്ത്രണവും ഇല്ലാതാവുകയാണ്.


2010-ൽ അന്നത്തെ, അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വേദേവും ഒപ്പുവെച്ച ന്യൂ സ്റ്റാർട്ട് ഉടമ്പടി (New Strategic Arms Reduction Treaty)യുടെ പുതിയ പതിപ്പ് ഈ കരാറുകളുടെ പരമ്പരയിൽ അവസാനത്തേതായിരുന്നു. ഓരോ രാജ്യവും പ്രവർത്തനസജ്ജമായ നിലയിൽ പരമാവധി 1,550ആണവ വാർഹെഡുകളും, 700മിസൈലുകളും ബോംബറുകളും മാത്രമേ വിന്യസിക്കാവൂ എന്ന നിബന്ധന ഉൾക്കൊള്ളുന്നതായിരുന്നു ഇത്. 2021-ൽ അവസാനിക്കേണ്ടിയിരുന്ന ഈ കരാർ പിന്നീട് അഞ്ച് വർഷത്തേക്ക് നീട്ടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയിൽ അമേരിക്ക താത്പര്യം കാണിച്ചില്ല.


new start


റഷ്യ സന്നദ്ധ അറിയിച്ചു

നിശ്ശബ്ദമായി പിൻമാറി അമേരിക്ക


അമേരിക്കയും തയ്യാറാണെങ്കിൽ കരാർ വ്യവസ്ഥകൾക്ക് കീഴിൽ ഒരു വർഷം കൂടി തുടരാൻ തങ്ങൾ സന്നദ്ധരാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞു മാറി.


കരാർ കാലഹരണപ്പെടുന്നതിന് മുന്നോടിയായി പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഈ വിഷയം ചർച്ച ചെയ്തതായി വാര്‍ത്തകൾ ഉണ്ടായിരുന്നു. ക്രെംലിൻ ഉപദേഷ്ടാവ് യൂരി ഉഷാക്കോവ് പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കയും ചെയ്തു. അമേരിക്കയുടെ തന്ത്രപരമായ മൗനം പക്ഷെ ചര്‍ച്ചകളുടെ സാധ്യയടച്ചു.


ഉത്തരവാദിത്തം തുടരുമെന്ന് റഷ്യ

ഒന്നും മിണ്ടാതെ യു എസ്


കരാർ അവസാനിച്ചതിന് പിന്നാലെ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ നിലവിലെ സാഹചര്യത്തിൽ ന്യൂ സ്റ്റാർട്ട് ഉടമ്പടിയിലെ യാതൊരു ബാധ്യതകളും തങ്ങൾക്കിനി ബാധകമല്ലെന്ന് പറഞ്ഞു. അടുത്ത നടപടികൾ തെരഞ്ഞെടുക്കുന്നതിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. എങ്കിലും, “സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം സമതുലിതവും ഉത്തരവാദിത്വപരവുമായ നിലപാടായിരിക്കും സ്വീകരിക്കുക” എന്ന് ലോക സമൂഹത്തിന് ഉറപ്പ് നൽകി. ഇവിടെയും അമേരിക്ക ഇതുവരെ പ്രതികരിച്ചില്ല.


പരിശോധനകൾ നിലച്ചത്,

പങ്കാളിത്തം സസ്‌പെൻഡ് ചെയ്തത്


ന്യൂ സ്റ്റാർട്ട് ഉടമ്പടിയുടെ പ്രധാന സവിശേഷത പരസ്പര വിശ്വാസം ഉറപ്പാക്കുന്നതിനുള്ള ഓൺ-സൈറ്റ് പരിശോധനകളായിരുന്നു. തുടർച്ചയായ നിരീക്ഷണം, വിശദമായ ഡാറ്റാ കൈമാറ്റങ്ങൾ എന്നിവ ഉൾപ്പെടെ, ഇതുവരെ നടപ്പിലാക്കിയതിൽ വച്ച് ഏറ്റവും സമഗ്രമായ ആയുധ നിയന്ത്രണ വ്യവസ്ഥകളിൽ ഒന്നായി ന്യൂ സ്റ്റാര്‍ട്ടിന്റെ പുതിയ പതിപ്പ് വിശേഷിപ്പിക്കപ്പെട്ടു. കോവിഡ്-19 മഹാമാരിയെ തുടർന്ന് 2020-ൽ ഈ പരിശോധനകൾ നിലച്ചു. പിന്നീട് പരസ്പര പരിശോധനകൾ പുനരാരംഭിച്ചില്ല.


അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രെയിൻ യുദ്ധത്തിൽ റഷ്യയുടെ പരാജയം ലക്ഷ്യമിടുന്നതായി ചൂണ്ടികാണിച്ച് പുടിൻ ന്യൂ സ്റ്റാർട്ട് ഉടമ്പടിയിൽ നിന്നും റഷ്യയുടെ പങ്കാളിത്തം സസ്‌പെൻഡ് ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. അതേസമയം,കരാറിൽ നിന്ന് പൂർണമായി പിന്മാറുന്നില്ലെന്നും,ആണവായുധ പരിധികൾ മാനിക്കുമെന്നും ഉത്തരവാദിത്തം ഉറപ്പു നൽകി. 2023 ഫെബ്രുവരിയിലായിരുന്നു പിന്മാറ്റ പ്രഖ്യാപനം.


ആഗോള പ്രത്യാഘാതങ്ങൾ


ന്യൂ സ്റ്റാർട്ട് കരാര്‍ അമേരിക്ക–റഷ്യ ആണവായുധ കുറയ്ക്കൽ കരാറുകളുടെ പരമ്പരയിലെ അവസാനത്തേതായിരുന്നു. മുൻകരാറുകളെല്ലാം ഇതിനകം അവസാനിച്ചു. ന്യൂ സ്റ്റാര്‍ട്ട് കൂടി ഇല്ലതായതോടെ ആണവായുധ നിയന്ത്രണ രംഗത്ത് ശൂന്യത സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.


nuclear war


ഈ സാഹചര്യം നിയന്ത്രണമില്ലാത്ത ഒരു പുതിയ ആണവായുധ മത്സരത്തിന് വഴിവെച്ചേക്കാമെന്ന ആശങ്കയുണ്ട്. ഡൊണൾഡ് ട്രംപിനെ പോലുള്ള നേതാക്കൾ ഉയര്‍ന്നു നിൽക്കുന്നതാണ് ആഗോള രാഷ്ട്ര ക്രമം. യു എൻ പോലുള്ള ഔപചാചരിക വേദികളും ഇല്ലാതാക്കാനുള്ള ശ്രമം സമാന്തരമായി നടക്കുന്നു. ആഗോള സുരക്ഷയെ കുറിച്ചുള്ള അതീവ ഗൗരവതരമായ ചര്‍ച്ചകൾ ഉയരുകയാണ്.


ശീതയുദ്ധകാലത്ത് തുടക്കം


സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് START കരാറിനെ "സമാധാനത്തിന്റെയും സഹകരണത്തിന്റെയും ഒരു പുതിയ ലോകക്രമത്തിലേക്ക്" വഴി തുറക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷ്, START I അരനൂറ്റാണ്ടത്തെ ആണവ നിർമ്മാണത്തെ മാറ്റിമറിച്ചുവെന്നും "അരനൂറ്റാണ്ടത്തെ അവിശ്വാസം ഇല്ലാതാക്കി" എന്നും പറഞ്ഞു. സഹകരണത്തിൽ നിന്ന് ജനിച്ച "ധാർമ്മിക നേട്ടം" എന്നും പ്രശംസിച്ചു.


തന്റെ പിൽക്കാല ഓർമ്മക്കുറിപ്പുകളിൽ, ഗോർബച്ചേവ് ആണവായുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുമെന്ന പ്രതീക്ഷകളെക്കുറിച്ച് പോലും സംസാരിച്ചിരുന്നു.


START- 1 1991 ൽ ഒപ്പുവച്ചെങ്കിലും, സോവിയറ്റ് യൂണിയന് ശേഷമാണ് അത് പ്രാബല്യത്തിൽ വന്നത്.പിന്നീട് റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റായ ബോറിസ് യെൽറ്റ്സിൻ ഉടമ്പടി പാലിക്കുന്നതായി സ്ഥിരീകരിച്ചു.


1994 ൽ, START ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു, സോവിയറ്റ് തന്ത്രപരമായ ആണവായുധങ്ങൾ പാരമ്പര്യമായി ലഭിച്ച ഉക്രെയ്ൻ, ബെലാറസ്, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഈ പ്രക്രിയയിൽ ചേരുകയും ആണവനിരായുധീകരണത്തിന് പ്രതിജ്ഞാബദ്ധരാകുകയും ചെയ്തു. ഈ നിരയിലെ അവസാന കരാറാണ് കാലഹരണപ്പെട്ട് ഇല്ലാതാവുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home