ad
Deshabhimani

ബിഎൻപി നേതാവ് താരിഖ് റഹ്മാൻ 17 വർഷത്തിന് ശേഷം ധാക്കയിൽ

tariq
വെബ് ഡെസ്ക്

Published on Dec 25, 2025, 12:06 PM | 1 min read

ധാക്ക: കലാപ കലുഷിതമായ അന്തരീക്ഷത്തിൽ 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ വ്യാഴാഴ്ച ബംഗ്ലാദേശിൽ തിരിച്ചെത്തി. രാജ്യം പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് മുൻ പ്രധാനമന്ത്രിയുടെ മകന്റെ മടക്കം.


രോഗബാധിയായ ഖാലിദ സിയയുടെ 60 വയസ്സുള്ള മകൻ റഹ്മാൻ ഫെബ്രുവരിയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും എന്നാണ് റിപ്പോർടുകൾ. പ്രധാന സ്ഥാനാർത്ഥിയായും പ്രചാരണം ഉയർന്നു.


രാവിലെ 11.42 ഓടെയാണ് ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇദ്ദേഹത്തെയും വഹിച്ചുള്ള വിമാനം ലാൻഡ് ചെയ്തത്. വൻ വരവേൽപ്പാണ് ഒരുക്കിയത്. 17 വർഷത്തെ യുകെ പ്രവാസ ജീവിതത്തിന് ശേഷം ഭാര്യ ഡോ സുബൈദ റഹ്മാനും മകൾ സൈമ റഹ്മാനും ഒന്നിച്ചാണ് തിരിച്ച് വരവ്. 50 പാർടി അനുനായികളും ഒന്നിച്ചുണ്ട്.


മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് രാജ്യത്ത് പുതിയൊരു അശാന്തിയും രാഷ്ട്രീയ അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് റഹ്മാന്റെ തിരിച്ചുവരവ്.


2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിനെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ജൂലൈ പ്രക്ഷോഭം അട്ടിമറിച്ചതിനുശേഷം മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബി‌എൻ‌പി ഒരു മുൻ‌നിര ശക്തിയായി ഉയർന്നുവന്നിട്ടുണ്ട്.


2001-2006 കാലഘട്ടത്തിൽ അധികാരത്തിലിരുന്ന പാർട്ടിയുടെ പങ്കാളിയായ ജമാഅത്തെ-ഇ-ഇസ്ലാമിയും അതിന്റെ ഇസ്ലാമിക സഖ്യകക്ഷികളും ഇപ്പോൾ ബി‌എൻ‌പിയുടെ പ്രധാന എതിരാളികളാണ്. ബംഗ്ലാദേശിന്റെ തകർന്ന രാഷ്ട്രീയ രംഗത്ത് ജമാഅത്ത് സ്വാധീനം വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ റഹ്മാന്റെ ബംഗ്ലാദേശിലേക്കുള്ള തിരിച്ചുവരവും പ്രാധാന്യമർഹിക്കുന്നു.


ഡിസംബർ 12 നാണ് റഹ്മാന്റെ തിരിച്ചുവരവ് ബി‌എൻ‌പി പ്രഖ്യാപിച്ചത്. നവംബർ 29 ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് വഴി തിരിച്ച് വരവ് സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home