ഇസ്രയേലിന് എഐ സേവനം: പ്രതിഷേധിച്ച് മൈക്രോസോഫ്‌റ്റ് ജീവനക്കാര്‍

വാഷിങ്‌ടൺ: ഇസ്രയേൽ സൈന്യത്തിന് നിർമിത ബുദ്ധി, ക്ലൗഡ് സേവനങ്ങൾ ലഭ്യമാക്കുന്നതിനെതിരെ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. ഗാസയിലും ലബനനിലും ആക്രമണത്തിന് ലക്ഷ്യങ്ങൾ കണ്ടെത്താൻ മൈക്രോസോഫ്‌റ്റ് എഐ സേവനങ്ങൾ ഇസ്രയേൽ ഉപയോഗിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജീവനക്കാർ പ്രതിഷേധമുയർത്തിയത്.
തിങ്കളാഴ്‌ച വാഷിങ്‌ടണിലെ കമ്പനി കാമ്പസിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല സംസാരിക്കുന്നതിനിടെ അഞ്ചു ജീവനക്കാർ ധരിച്ചിരുന്ന കോട്ട് ഊരി "നമ്മുടെ കോഡിങ് കുട്ടികളെ കൊല്ലുന്നുണ്ടോ സത്യ' എന്നെഴുതിയ ടീഷർട്ട് പ്രദർശിപ്പിച്ചു. സുരക്ഷാ ജീവനക്കാർ ഇവരെ മാറ്റി. ലൈവായി സംപ്രേഷണം ചെയ്‌ത പരിപാടിയുടെ ദൃശ്യം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഒക്ടോബറിൽ പലസ്‌തീനുവേണ്ടി മൈക്രോസോഫ്‌റ്റ് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ച രണ്ട് ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു. ഇസ്രയേലിന് സാങ്കേതിക പിന്തുണ നൽകുന്നതിൽ മൈക്രോസോഫ്റ്റ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
0 comments