Deshabhimani

ഇത്രയും കാശ് എവിടെനിന്ന് ഉണ്ടായിവരും: എഐ രംഗത്തെ നിക്ഷേപങ്ങള്‍ മാന്ദ്യം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍

ai
വെബ് ഡെസ്ക്

Published on Nov 17, 2026, 05:18 PM | 2 min read

വാഷിങ്ടൺ:നിര്‍മിത ബുദ്ധി മേഖലയിലെ നിലവിലെ കുതിപ്പുകള്‍ ഒരു സോപ്പുകുമിള മാത്രമെന്ന് മുൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചെയർമാൻ ഗാരി ജെൻസ്‌ലർ മുന്നറിയിപ്പ് നൽകി. മാത്രമല്ല അമേരിക്ക ഇതിന് പിന്നാലെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2028 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത് സംഭവിക്കാം. യൂറോപ്പ് ഉൾപ്പെടെ രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കാം എന്നും സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.


എഐ സാങ്കേതിക വിദ്യയുടെ ദീര്‍ഘകാല സാധ്യകളിൽ അവിശ്വാസം ഇല്ല. എന്നാൽ ഈ രംഗത്ത് കമ്പനികള്‍ ഒഴുക്കുന്ന പണത്തിന് ആനുപാതികമായി വരുമാനം ഉണ്ടാക്കാൻ കഴിയുമോ എന്നത് സംശയമാണ്. ഡാറ്റാ സെന്ററുകൾ, അത്യാധുനിക ചിപ്പുകൾ തുടങ്ങിയ എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രതിവർഷം ഏകദേശം 800 ബില്യൺ യുഎസ് ഡോളറാണ് നിക്ഷേപിക്കപ്പെടുന്നത്.


റെയിലും വൈദ്യുതിയും ഇന്റര്‍നെറ്റും

ഇപ്പോള്‍ നി‍ര്‍മിത ബുദ്ധിയും


സാമ്പത്തിക ചരിത്രത്തിൽ റെയിൽവേയും വൈദ്യുതിയും ഇന്റര്‍നെറ്റും കടന്നു വന്നതിന് സമാനമായ സാഹചര്യമാണിത്. ഈ മേഖലകളിലെല്ലാം തുടക്കത്തിൽ വലിയ തോതിലുള്ള നിക്ഷേപ പ്രവാഹമുണ്ടാവുകയും പിന്നീട് വലിയ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു എന്ന് ജെൻസ്‌ലർ ചൂണ്ടികാട്ടി.


2028 നവംബറിൽ അമേരിക്കൻ ജനത വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് തന്നെ നിക്ഷേപകർ എഐ കമ്പനികളിലുള്ള പ്രതീക്ഷകൾ വെട്ടിക്കുറയ്ക്കുമെന്നും സമ്പദ്‌വ്യവസ്ഥ ദുർബലമാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. "അതൊരു ചെറിയ മാന്ദ്യമായിരിക്കുമോ അതോ അതിതീവ്രമായ ഒന്നായിരിക്കുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്," അദ്ദേഹം ആശങ്ക പരസ്യമാക്കി.


ചെറുകിടക്കാര്‍ വീഴും


നിയോക്ലൗഡ് കമ്പനികള്‍ക്കാവും വലിയ തിരിച്ചടി ആദ്യ ഘട്ടത്തിൽ ഏറ്റുവാങ്ങേണ്ടി വരിക. കംപ്യൂട്ടിങ് പവര്‍ വാടകയ്ക്ക് നൽകുന്ന സംവിധാനങ്ങളാണിവ. ചിപ്പുകൾ വാങ്ങുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനുമായി ഈ കമ്പനികളിൽ പലതും വൻതോതിൽ കടമെടുത്തിട്ടുണ്ട്. വൻകിട ടെക് കമ്പനികൾ ഈ പ്രതിസന്ധിയെ അതിജീവിക്കുമെങ്കിലും, ചെറുകിട നിയോക്ലൗഡ് കമ്പനികൾ തകരാനും പാപ്പരാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


കമ്പനികൾ എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത് എന്നതിൽ ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് (BIS) പ്രസിദ്ധീകരിച്ച പഠനങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു. വിപണിയിൽ മുന്നിലെത്താനുള്ള മത്സരം കാരണം, സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാനാകുന്നതിനേക്കാൾ 50 ശതമാനത്തോളം അധിക നിക്ഷേപമാണ് ഈ മേഖലയിലേക്ക് ഒഴുകുന്നതെന്ന് 2026 ജൂലൈയിലെ ഒരു ബിഐഎസ് പ്രബന്ധം വ്യക്തമാക്കുന്നു. വിലകൂടിയ ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരികയും ചെയ്താൽ അത് വായ്പ നൽകിയ ബാങ്കുകളെയും മറ്റ് വ്യവസായങ്ങളെയും സാരമായി ബാധിക്കും.


നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിന്റെ (NBER) കണക്കുകളും ആശങ്ക ഉന്നയിച്ചു. അഞ്ച് പ്രമുഖ യുഎസ് ടെക് കമ്പനികൾ 2025-ൽ എ.ഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 404 ബില്യൺ ഡോളർ ചെലവഴിച്ചു. 2026-ൽ ഇത് ഏകദേശം ഇരട്ടിയാകുമെന്നാണ് പ്രവചനം. ഇവയിൽ എല്ലാം പതര്‍ച്ച വരാം. ഈ പ്രതിസന്ധി അമേരിക്കൻ വിപണിയിൽ ഒതുങ്ങില്ല. യൂറോപ്യൻ സെൻട്രൽ ബാങ്കിലെ (ECB) സാമ്പത്തിക വിദഗ്ധരുടെ കണക്കനുസരിച്ച്, യൂറോ മേഖലയിലെ കുടുംബങ്ങൾക്ക് നിക്ഷേപ ഫണ്ടുകൾ വഴി യുഎസ് ടെക് ഓഹരികളിൽ ഏകദേശം 440 ബില്യൺ യൂറോയുടെ നിക്ഷേപമുണ്ട്. ഇത് ഏകദേശം 485 ബില്യൺ യുഎസ് ഡോളർ വരും.


പ്രതിസന്ധി സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നു എങ്കിലും എഐ മുന്നോട്ട് പോകുമെന്ന് ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്നാണ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് എഡ് യാർഡെനി പ്രതികരിച്ചത്. അതേസമയം തന്നെ, കടമെടുത്ത് വികസനം നടത്തിയ കമ്പനികളുടെ ഭാവി അവർ നിർമ്മിച്ച കംപ്യൂട്ടിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾ എത്രത്തോളം പണം നൽകാൻ തയ്യാറാകും എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home