ബംഗ്ലാദേശിൽ വീണ്ടും ഹാദി മോഡൽ കൊലപാതക ശ്രമം, യുവ നേതാവിന് തലയ്ക്ക് വെടിയേറ്റു

ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദി തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഒരാൾക്ക് കൂടി സമാനമായ രീതിയിൽ വെടിയേറ്റു. ഹാദി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ ഖുൽന നഗരത്തിൽ ആണ് വെടിവെപ്പ്.
നാഷണൽ സിറ്റിസൺ പാർട്ടി യുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമായ മുഹമ്മദ് മൊത്താലിബ് സിക്ദാറിനാണ് വെടിയേറ്റത്. എൻസിപിയുടെ ജോയിന്റ് പ്രിൻസിപ്പൽ കോർഡിനേറ്റർ മഹ്മൂദ മിതു ഫേസ്ബുക്ക് പോസ്റ്റിലാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റ നേതാവിനെ ഗുരുതരാവസ്ഥയിൽ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോക്ടർ മിതു കുറിച്ചു.
സിക്ദാറിന്റെ തലയുടെ ഇടതുവശത്താണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ അമിത രക്തസ്രാവമുണ്ടായി അവശനിലയിലായിരുന്നു എന്നും കലേർ കാന്ത പത്രം റിപ്പോർട് ചെയ്തു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയ വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പ്രമുഖ നേതാവായിരുന്നു ഹാദി. ഡിസംബർ 12 ന് മധ്യ ധാക്കയിലെ ബിജോയ്‌നഗർ പ്രദേശത്ത് ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖംമൂടി ധരിച്ച തോക്കുധാരികൾ തലയ്ക്ക് വെടിവച്ചു. രണ്ടു ദിവസത്തിന് ശേഷം സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ രാജ്യത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ ഹാദി സ്ഥാനാർത്ഥിയായിരുന്നു. ഇദ്ദേഹത്തിന്റെ ഇങ്കിലാബ് മഞ്ച പാർടി കുറ്റവാളികളെ പിടികൂടുന്നതിന് സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു.










0 comments