യുഎസ്-നൈജീരിയ സംയുക്ത സൈനിക നീക്കം: ഐഎസ് ഭീകരൻ അബു ബിലാൽ കൊല്ലപ്പെട്ടു

ഡൊണാൾഡ് ട്രംപ്
അബുജ : ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (IS) രണ്ടാം നമ്പർ തലവനും കമാൻഡറുമായ അബു ബിലാലിനെ നൈജീരിയ-യുഎസ് സൈന്യങ്ങൾ സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ വധിച്ചു. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അബു ബിലാലിന്റെ മരണം ആഗോള ഭീകരവാദ ശൃംഖലയ്ക്ക് ഏറ്റ കടുത്ത പ്രഹരമാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. നൈജീരിയ, ചാഡ്, നീഷർ, കാമറൂൺ എന്നീ രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന ലേക്ക് ചാഡ് ബേസിനിലെ ചതുപ്പ് മേഖലയിലുള്ള ഭീകരരുടെ ഒളിത്താവളത്തിന് നേരെയായിരുന്നു ആക്രമണം. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഈ പ്രിസിഷൻ സ്ട്രൈക്കിൽ മിനുകിക്കൊപ്പം ഇയാളുടെ പ്രമുഖ അനുയായികളും കൊല്ലപ്പെട്ടതായി നൈജീരിയൻ സൈന്യം അറിയിച്ചു.
ലോകത്തിലെ ഏറ്റവും സജീവമായ ഭീകരൻ എന്നാണ് ട്രംപ് അബു ബിലാലിനെ വിശേഷിപ്പിച്ചത്. ഐഎസിന്റെ ആഗോള ഘടനയിലെ രണ്ടാമത്തെ ഉയർന്ന പദവിയായ ഹെഡ് ഓഫ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ്സ് എന്ന ചുമതലയാണ് ഇയാൾ വഹിച്ചിരുന്നത്. നൈജീരിയയിലെ ബോർണോ സ്വദേശിയായ ഇയാളെ 2023ൽ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ ബോക്കോ ഹറാം ഭീകരസംഘടനയുടെ മുതിർന്ന കമാൻഡറായിരുന്ന ഇയാൾ 2015ലാണ് ഐഎസിസിലേക്ക് മാറിയത്. 2018ൽ നൈജീരിയയിലെ ദാപ്ചിയിൽ നിന്ന് നൂറിലധികം സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് നൈജീരിയൻ മിലിട്ടറി വ്യക്തമാക്കി. ആഫ്രിക്കയിലുടനീളം ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ടിങ് എത്തിച്ചിരുന്നതും അബു ബിലാലായിരുന്നു.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നൈജീരിയയും അമേരിക്കയും തമ്മിലുള്ള വർധിച്ചുവരുന്ന സൈനിക സഹകരണത്തിന്റെ ഏറ്റവും വലിയ വിജയമായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്. 2019ൽ ഐസിസ് തലവൻ അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതിന് ശേഷം സംഘടനയ്ക്ക് ആഗോളതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. സുരക്ഷാ വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അന്താരാഷ്ട്ര പങ്കാളിത്തം അത്യാവശ്യമാണെന്നും നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു വ്യക്തമാക്കി. ഈ വധത്തോടെ ആഫ്രിക്കയിലെയും ആഗോളതലത്തിലെയും ഐസിസിന്റെ സാമ്പത്തിക-ആസൂത്രണ ശൃംഖലകൾ തകരുമെന്നാണ് സുരക്ഷാ നിരീക്ഷകർ കരുതുന്നത്.









0 comments