ഇനി ഗ്രീന്‍ കാര്‍ഡ് ലഭിക്കുക പ്രയാസമാകും; ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നിയമം 18 മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൺ : കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡും വിസയും ലഭ്യമാക്കുന്നത് ദുഷ്കരമാക്കി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന 'പബ്ലിക് ചാർജ് ഇമിഗ്രേഷൻ നിയമം' നാളെ മുതൽ പ്രാബല്യത്തിൽ. അമേരിക്കയിൽ വർഷങ്ങളായി ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വംശജർക്ക് യുഎസിന്റെ ഈ നീക്കം തിരിച്ചടിയാകും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
താൽക്കാലിക വിസകളിൽ അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിദേശികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ് നയം. എന്നാൽ, വിദേശികൾ ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാൻ സാധ്യതയുണ്ടോ എന്ന് കർശനമായി പരിശോധിക്കാനാണ് പബ്ലിക് ചാർജ്' ഇമിഗ്രേഷൻ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം ഫുഡ് അസിസ്റ്റൻസ്, മെഡികെയ്ഡ്, ഹൗസിങ് വൗച്ചറുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും.
ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികളെ ആശ്രയിക്കരുതെന്നുമാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വാദം. ഇനി മുതൽ സർക്കാർ നൽകുന്ന സഹായത്തിന് അപേക്ഷകർ അർഹരാണോ എന്നത് പരിശോധിക്കുന്നത് ഗ്രീൻ കാർഡ് അപേക്ഷകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
സെപ്തംബർ 18 നോ അതിനുശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് പുതിയ നിയമങ്ങൾ ബാധകം. അപേക്ഷകന്റെ പ്രായം, ആരോഗ്യം, കുടുംബ പശ്ചാത്തലം, ആസ്തികൾ, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം എന്നിവ സമഗ്രമായി പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം. തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകർ, ഡൈവേഴ്സിറ്റി വിസ അപേക്ഷകർ, നിശ്ചിത കാലയളവിൽ കൂടുതൽ വിദേശത്ത് തങ്ങിയ നിയമപരമായ സ്ഥിര താമസക്കാർ എന്നിവരെ ഈ നിയമം കാര്യമായി ബാധിക്കും.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നിയമത്തിനെതിരെ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമനടപടി സ്വീകരിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ഡിഎച്ച്എസ് ഈ നിയമം കൊണ്ടുവന്നതെന്നും ഇത് ജനങ്ങളിൽ ഭീതി പരത്തുന്നുവെന്നും സംസ്ഥാനങ്ങൾ കോടതിയിൽ അറിയിച്ചു.










0 comments