ad
Deshabhimani

സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ സ്ഫോടനം: മരണം 40 ആയി, 100 പേർക്ക് പരിക്ക്

switzerland blast
വെബ് ഡെസ്ക്

Published on Jan 01, 2026, 04:17 PM | 1 min read

ബേൺ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. 100 പേർക്ക് അപകടത്തിൽ പരിക്കേറ്റതായും സ്വിസ് പൊലീസിനെ ഉദ്ധരിച്ച് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മേഖലയാണിത്. ലെ കോൺസ്റ്റലേഷൻ ബാർ ആൻഡ് ലോഞ്ചിന്റെ ബേസ്മെന്റിലാണ് അപകടമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 150-ലധികം പേർ ബാറിൽ ഉണ്ടായിരുന്നു.


തെക്കുപടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ വാലിസ് (വാലിസ്) കന്റോണിലുള്ള ബാറിൽ സ്‌ഫോടനത്തെ തുടർന്ന് ശക്തമായ തീപിടുത്തമുണ്ടായി. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചു വരികയാണ്. ഭീകരാക്രമണമല്ല എന്നാണ് പ്രാഥമിക നി​ഗമനം. നാശനഷ്ടങ്ങളുടെ പൂർണ വ്യാപ്തി വിലയിരുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരേണ്ടതുണ്ട്.


ക്രാൻസ്–മൊണ്ടാനയിലെ ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റവരാൽ നിറഞ്ഞതായി ഡോക്ടർമാർ പറയുന്നു. നൂറോളം പേർ പൊള്ളലേറ്റ് ചികിത്സയിലുണ്ട്. അപകടത്തിൽപ്പെട്ടവരിൽ പലരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.


10 ഹെലികോപ്റ്ററുകൾ, 40 ആംബുലൻസുകൾ, 150 സന്നദ്ധപ്രവർത്തകൾ തുടങ്ങിയവ ഉപയോ​ഗിച്ച് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കടുത്ത വരൾച്ചയെ തുടർന്ന് സ്വിറ്റ്സർലൻഡിന്റെ വിവിധ ഭാ​ഗങ്ങളിൽ കാട്ടുതീ പടരുന്ന വാർത്തകൾളും പുറത്തുവരുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home