ad
Deshabhimani

കടന്നുകയറ്റക്കാരുടെ ശല്യം; സ്വർ​ഗത്തിലേക്കുള്ള ഗോവണി പൊളിക്കുന്നു

Stairway To Heaven
avatar
Anie Anna Thomas

Published on Apr 17, 2024, 05:08 PM | 0 min read

ഹോണൊലുലു> 2,800 അടി പർവത പാതയിലൂടെ 3,922 പടികൾ പിന്നിട്ടെത്തി കാണുന്ന സൂര്യോദയം. ഹവായിലെ ഹൈക്കു സ്റ്റെയേഴ്സ്  അഥവാ സ്വർ​ഗത്തിലേക്കുള്ള കോണിപ്പടികൾ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പതിറ്റാണ്ടുകളായി പ്രവേശനം നിഷേധിക്കപ്പെട്ടിട്ടും ഒളിച്ചും പതുങ്ങിയും പടി കയറുന്നവർ. എന്നാലിനി ആ പടിക്കെട്ടുകൾ സാഹസിക യാത്രികർ  ബക്കറ്റ് ലിസ്റ്റിൽ നിന്നു വെട്ടി മാറ്റിക്കൊള്ളൂ. ഹൈക്കു സ്റ്റെയേഴ്സ്  തകർക്കാനൊരുങ്ങുകയാണ് ഹോണൊലുലു സിറ്റി ഗവൺമെന്റ്. പ്രദേശത്ത് നടക്കുന്ന അപകടങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

രണ്ടാം ലോകയുദ്ധസമയത്താണ്  1942 ൽ കിഴക്കൻ ഓഹുവിലെ കനോഹെയിൽ യുഎസ് നാവികസേന ഈ പടിക്കെട്ടുകൾ നിർമ്മിക്കുന്നത്. യുഎസ് നാവികസേനയുടെ കരാറുകാർ പസഫിക്കിലുടനീളം നിലകൊള്ളുന്ന നാവിക കപ്പലുകളിലേക്ക് റേഡിയോ സിഗ്നലുകൾ കൈമാറാനുള്ള പ്രധാന രഹസ്യ സൗകര്യമായാണ് ഹൈക്കു റേഡിയോ സ്റ്റേഷന്റെ നിർമ്മാണം ആരംഭിച്ചത്. ലോഹപ്പടികൾക്കടുത്ത് പഴയ തടി ഏണിയുടെ ചില അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.

1987 മുതൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അപകടകരമായ ഭൂപ്രകൃതിയും ശക്തമായ കാറ്റുമാണ് കാരണം. ഇടക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ പടികയറുന്നുവെന്ന് സമ്മതപത്രം ഒപ്പിട്ടു വാങ്ങി ചുരുക്കം ചില യാത്രക്കാരെ  യുഎസ് കോസ്റ്റ് ഗാർഡ് ഇങ്ങോട്ടേക്ക് കടത്തിവിട്ടിരുന്നുവെങ്കിലും പിന്നീട് ഇതും ഒഴിവാക്കി. 1999-ൽ കോസ്റ്റ് ഗാർഡ് ഹോണൊലുലുവിലെ ജലവിതരണ ബോർഡിന് ഹൈക്കു പടികളുടെ അവകാശം കൈമാറി. അക്കാലത്ത് പടികളിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ബോർഡ് പിന്നീട് പ്രവർത്തനങ്ങൾ ന​ഗരത്തിലേക്ക് മാറ്റി. യാത്രകർ പടികയറുന്നത് തടയാൻ സെക്യൂരിറ്റി ഗാർഡുകളെയും ഏർപ്പെടുത്തി. 

എന്നാൽ ഈ ഹവായിയൻ സൗന്ദര്യം യാത്രികരെ എന്നും ആകർഷിച്ചുകൊണ്ടേയിരുന്നു. സോഷ്യൽ മീഡിയ യുഗത്തിൽ അത് അപകടകരമാം വിധത്തിൽ വർദ്ധിക്കുകയും ചെയ്തു. യൂട്യൂബർമാരും, ടിക് ടോക്കർമാരും, സാഹസിക ചിത്രങ്ങൾ എടുക്കാനിഷ്ടപ്പെടുന്നവരുമെല്ലാം സ്വകാര്യ സ്വത്തുക്കളിലൂടെ അതിക്രമിച്ചുകടന്നും സുരക്ഷാ ഗാർഡുകളുടെ കണ്ണുവെട്ടിച്ചും ഈരുമ്പു കോവേണിവഴി ട്രക്കിം​ഗ് നടത്തുന്നത് തുടർന്നു.  ഇത് അപകടങ്ങളും വർദ്ധിപ്പിച്ചു. 

2017 ഓഗസ്റ്റിനും 2020 മാർച്ചിനുമിടയിൽ 11,427 പേരെ പടികൾക്കും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞതായി ഹോണൊലുലു അധികൃതർ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ അപകടത്തിപ്പെട്ട 118 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ‌‌സെപ്റ്റംബറിൽ 50 അടി താഴ്ചയിൽ നിന്ന് ഒരു സ്ത്രീയെയും നായയെയും ഹെലികോപ്റ്റർ ക്രൂവിന് എയർലിഫ്റ്റ് ചെയ്യേണ്ടി വന്നിരുന്നു. പടികയറാനെത്തി രാത്രി മുഴുവൻ യാത്രികർ ഇരുട്ടിൽ കുടുങ്ങിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.  പലഘട്ടത്തിലും രക്ഷാ പ്രവർത്തനം ഏറെ ദുർഘടമായിരുന്നു. അതുകൊണ്ടു തന്നെ ഹൈക്കു സ്റ്റെയേഴ്സ്  നഗരത്തിന് കാര്യമായ ബാധ്യതയും ചെലവുമാണെന്നാണ് അധികൃതർ പറയുന്നത്. ഓരോ രക്ഷാപ്രവർത്തനത്തിനും ചെലവാകുന്നത് 10,000 മുതൽ 20,000 വരെ ഡോളറാണ്. അനധികൃതമായ കടന്നുകയറ്റം പ്രദേശവാസികൾക്കും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് 80 വർഷം പഴക്കമുള്ള പടിക്കെട്ടുകൾ പൊളിച്ചു നീക്കുന്നതെന്ന് സിറ്റി മേയർ റിക്ക് ബ്ലാംഗിയാർഡി പ്രസ്താവനയിൽ പറഞ്ഞു.

 2021 ൽ പടികൾ നീക്കംചെയ്യാൻ തീരുമാനമെടുത്തിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ നീളുകയായിരുന്നു. ബുധനാഴ്ച നിർമ്മാണ ത്തൊഴിലാളികൾ നീക്കം ചെയ്യൽ പ്രക്രിയ ആരംഭിച്ചു. 2.5 ദശലക്ഷം ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കും. അതും കഴിഞ്ഞാൽ പിന്നെ സ്വർ​ഗത്തിലേക്കുള്ള ഗോവണി കാഴ്ചക്കാരെയും കടന്നുകയറ്റക്കാരെയും കാത്തുകിടക്കുന്നുണ്ടാകില്ല. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home