ad
Deshabhimani

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് അപകടത്തിൽപ്പെട്ടു; 2 മരണം, 16 പേർക്ക് പരിക്ക്

boat sinking

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 03, 2026, 04:23 PM | 2 min read

പാരിസ് : ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ മുറിച്ചുകടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. കുടിയേറ്റക്കാർ‍ സഞ്ചരിച്ച ചെറിയ ബോട്ട് വടക്കൻ ഫ്രാൻസിലെ കടൽത്തീരത്തേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.


ബൊലോൺ-സർ-മെർ തുറമുഖത്തിന് തെക്ക് ഹാർഡെലോട്ട് ബീച്ചിൽ നിന്ന് രാത്രിയിലാണ് 82 പേരുമായി ബോട്ട് പുറപ്പെട്ടത്. എന്നാൽ പിന്നാലെ എഞ്ചിൻ തകരാറിലായി അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പാസ്-ഡി-കാലൈസ് പ്രിഫെക്ചറിന്റെ സെക്രട്ടറി ജനറൽ ക്രിസ്റ്റോഫ് മാർക്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ഫ്രഞ്ച് മാരിടൈം ജെൻഡർമേരി കപ്പൽ 17 പേരെ രക്ഷപ്പെടുത്തി ബൊലോൺ-സർ-മെറിലേക്ക് കൊണ്ടുവന്നു. 65 പേരുണ്ടായിരുന്ന ബോട്ട് പിന്നീട് കരയ്ക്കടിഞ്ഞു. രണ്ട് സ്ത്രീകളെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീകൾ 20 വയസ്സ് പ്രായമുള്ളവരാണെന്നും സുഡാനിൽ നിന്ന് വന്നവരാണെന്നും കരുതുന്നതായും അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ബോട്ടിന്റെ അടിയിലുള്ള ഇന്ധനത്തിന് തീപിടിച്ച് പൊള്ളലേറ്റതിനാലാണ് പരിക്കിന്റെ വ്യാപ്തി കൂടിയതെന്നും അധികൃതർ പറഞ്ഞു.


യുകെയിലേക്കുള്ള അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം, വടക്കൻ ഫ്രാൻസിന്റെ തീരത്ത് വായു നിറച്ച ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചു. ഈ കേസിൽ സുഡാനിൽ നിന്നുള്ള ഒരാളെ ബ്രിട്ടീഷ് അധികൃതർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച, കാലായിസിന്റെ വടക്കൻ തീരത്ത് സമാനമായ അപകടത്തിൽ രണ്ട് പേർ കൂടി മരിച്ചു.


ഇംഗ്ലീഷ് ചാനൽ കടക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുകെ, ഫ്രഞ്ച് സർക്കാരുകൾ കഴിഞ്ഞ മാസം ഒരു പുതിയ മൾട്ടി മില്യൺ യൂറോ കരാറിൽ ഒപ്പുവച്ചിരുന്നു. പിന്നാലെ വടക്കൻ ഫ്രാൻസിൽ പൊലീസ് പട്രോളിംഗ് വർധിപ്പിക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ, ചാനൽ കടന്ന് 6,000ത്തിലധികം കുടിയേറ്റക്കാർ യുകെയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 36 ശതമാനം കുറവാണ് കുടിയേറ്റക്കാരുടെ എണ്ണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഫ്രഞ്ച്- യുകെ അതിർത്തിയിൽ അപകടങ്ങളിൽ 172 പേർ മരിച്ചുവെന്ന് കുടിയേറ്റ സഹായ സംഘടനയായ ഉട്ടോപ്യ 56 പറഞ്ഞു. ഇതിൽ 123 പേർ കടലിൽ വച്ചുണ്ടായ അപകടങ്ങളിലാണ് മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home