ചിലിയിൽ കാട്ടുതീ: 18 മരണം; ആയിരങ്ങൾ പലായനം ചെയ്തു, 50,000 പേരെ ഒഴിപ്പിച്ചു

photo credit: X
പെൻകോ : ഞായറാഴ്ച മധ്യ, തെക്കൻ ചിലിയിലുടനീളമുണ്ടായ കാട്ടുതീയിൽ 18 പേർ മരിച്ചു. ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിക്കുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. തെക്കേ അമേരിക്കൻ രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെയാണ് കാട്ടുതീ നാശം വിതച്ചത്.

ചിലിയൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് രാജ്യത്തിന്റെ മധ്യ ബയോബിയോ മേഖലയിലും തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ തെക്ക് നുബിൾ മേഖലയിലും ദുരന്താവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ 8,500 ഹെക്ടറിൽ കാട്ടുതീ പടർന്നുപിടിച്ചതായും സൈന്യവുമായി ഏകോപിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും ചിലിയൻ സുരക്ഷാ മന്ത്രി ലൂയിസ് കോർഡെറോ പറഞ്ഞു. 50,000 പേരെ ഇതുവരെ ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു.

ശക്തമായ കാറ്റും കാലാവസ്ഥയും അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവർത്തനം തടസപ്പെടുത്തി. പ്രദേശത്ത് താപനില 38 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ശനി അർദ്ധരാത്രിക്ക് ശേഷമാണ് തീപിടിത്തത്തമുണ്ടായതെന്നും അതിനാൽ രക്ഷപെടാൻ സാധിക്കാതെ വീടുകളിൽ കുടുങ്ങിപ്പോയതായും പ്രദേശവാസികൾ പറഞ്ഞു. രാജ്യവ്യാപകമായി കത്തിനശിച്ച വീടുകളുടെ ആകെ എണ്ണം വ്യക്തമല്ലെങ്കിലും, ബയോബിയോയിലെ കോൺസെപ്ഷൻ മുനിസിപ്പാലിറ്റി 253 വീടുകൾ നശിച്ചതായി റിപ്പോർട്ട് ചെയ്തു.










0 comments