തുടരെ പ്രശ്നങ്ങൾ; അമേരിക്കയിൽ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാര്‍ഥികളിൽ 15 ശതമാനം കുറവ്

വാഷിങ്ടൺ: ഉയര്‍ന്ന വിസ ഫീസും പൗരത്വ പ്രശ്നങ്ങളും എല്ലാമായി ട്രംപ് ഭരണകൂടം സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടെ അമേരിക്കയിലേക്കുള്ള ഇന്ത്യൻ വിദ്യാര്‍ഥികളുടെ ഉപരിപഠന യാത്രകൾ കുത്തനെ കുറഞ്ഞു. 1,100 ൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന കണക്ക് ഉൾപ്പെടുത്തി 'കോമൺ ആപ്പ്' പുറത്തു വിട്ട കണക്കുകൾ വിദ്യാര്‍ഥികളുടെ താത്പര്യക്കുറവ് വ്യക്തമാക്കുന്നു.
യു എസിൽ എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിൽ മൊത്തം പത്ത് ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയിൽ നിന്നുള്ളവര്‍ 15 ശതമാനം കുറഞ്ഞു. ഏറ്റവും അധികം വിദ്യാര്‍ഥികൾ എത്തിയിരുന്നത് ഇന്ത്യയിൽ നിന്നാണ്. ഇതിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. 2024-25ൽ 3.63 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാര്‍ഥികളാണ് യു എസിൽ വിവിധ സ്ഥാപനങ്ങളിലായി പ്രവേശനം നേടിയിരുന്നത്.
കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ഥികളിലൂടെ പ്രാദേശിക സാമ്പത്തിക രംഗങ്ങളിൽ ലഭിച്ചിരുന്ന 41.77 ബില്യൺ യു.എസ് ഡോളർ സംഭാവന 2026-27ൽ 38.37 ബില്യണായി കുറയുമെന്നാണ് കണക്കുകൾ. വിദ്യാര്‍ഥികളുടെ വരവിൽ 1.1 ലക്ഷം വരെ കുറവ് ഉണ്ടാകുന്നത് വഴിയാണ് ഇത്.
2025-26ൽ 11.69 ലക്ഷമായിരുന്ന വിദേശ വിദ്യാർഥി രജിസ്ട്രേഷൻ ഇത്തവണ 10.57 ലക്ഷമായി കുറയുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പഠനത്തിന് ശേഷം ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) ന് അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്താനുള്ള തീരുമാനത്തിലാണ് യു എസ് ഭരണകൂടം. എച്ച് വൺബി വിസയിലേക്കുള്ള മാറ്റത്തിന് ഒപിടിയായിരുന്നു ആദ്യ പടി. ഇവ രണ്ടും ചെലവേറിയതും സങ്കീര്‍ണവുമായി മാറുകയാണ്.
Related News
ഒരു ലക്ഷം ഡോളര്‍ വരെ ഫീസ് ഉയരാം എന്നാണ് വാര്‍ത്തകൾ. ഇത് ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ വരും. നേരത്തെ ട്രംപ് ഭരണകൂടം എച്ച്-1ബി പെറ്റീഷനുകൾക്ക് 1,00,000 ഡോളർ അധിക ഫീസ് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോടതിയിൽ പരാതികൾ എത്തിയതോടെ നടപ്പാക്കാനായില്ല. ഇതിനെ മറികടക്കാനാണ് പുതിയ രൂപത്തിലുള്ള ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കം










0 comments