ബൊളീവിയയിൽ നോട്ട് കെട്ടുകളുമായി പോയ വിമാനം തകര്‍ന്ന് 15 മരണം, ഓടിക്കൂടിയവര്‍ തമ്മിൽ സംഘര്‍ഷം

ലാ പാസ്: ബൊളീവിയയിൽ കറൻസി നോട്ടുകളുമായി പറന്ന സൈനിക വിമാനം തകർന്നു വീണ് 15പേര് മരിച്ചു. തലസ്ഥാന നഗരമായ ലാ പാസിന് സമീപമുള്ള എൽഅൾട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് അപകടം. വിമാനത്തിൽ നിന്നും ചിതറിവീണ പണം പെറുക്കിയെടുക്കാൻ ഓടിക്കൂടിയ നാട്ടുകാര്‍ അപകട സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന്പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സി-130ഹെർക്കുലീസ് ഗതാഗത വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം സമീപത്തെ റോഡിൽ പതിക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തു. അപകട സമയത്ത് കനത്ത ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
നോട്ട് കെട്ടുകൾ അപഹരിക്കപ്പെടുമെന്നായതോടെ അധികൃതർ കറൻസികൾ തീകൊളുത്തി നശിപ്പിച്ചു. തകർന്ന വിമാനത്തിൽ ബൊളീവിയൻ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഈ പണത്തിന് ഔദ്യോഗിക സീരിയൽ നമ്പർ ഇല്ലാത്തതിനാൽ നിയമപരമോ വാങ്ങൽ ശേഷിയോ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത് ശേഖരിക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്നും അറിയിച്ചു.










0 comments