ഇന്ത്യയുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത് 11 സൈനികർ; 78 പേർക്ക് പരിക്കേറ്റതായി പാകിസ്ഥാൻ

പാകിസ്ഥാൻ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ഷെരീഫ്
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ 11 സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. 78 പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായും പാകിസ്ഥാൻ പ്രസ്താവനയിൽ വ്യക്തമാക്കി. മെയ് 6-7 രാത്രികളിൽൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ 40 സാധാരണക്കാർ കൊല്ലപ്പെട്ടതായും 121 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സൈന്യം അറിയിച്ചു. 40 പേർ ആക്രമണങ്ങളിൽ മരിച്ചതായി ഇന്ത്യൻ സേനയും സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാൻ വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. എന്നാൽ ഇവർ ഏതൊക്കെ സാഹചര്യത്തിലാണ് മരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. നായിക് അബ്ദുൾ റഹ്‍മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു.
മെയ് 7ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ആരംഭിച്ചത്. തീവ്രവാദ കേന്ദ്രങ്ങളിൽ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. തുടർന്ന്, മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യയിലെ സൈനിക താവളങ്ങൾ ആക്രമിക്കാൻ ശ്രമം നടത്തിയെങ്കിലും സംയുക്തസേന പ്രതിരോധിച്ചു. പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രം തകർത്ത് നൂറോളം ഭീകരരെ വധിച്ചതായി സംയുക്ത സേന തിങ്കളാഴ്ച അറിയിച്ചു.
കാണ്ഡഹാർ വിമാനം റാഞ്ചൽ, പുൽവാമ ആക്രമണം എന്നിവ ആസൂത്രണം ചെയ്‌ത യൂസഫ് അസ്ഹർ, അബ്‌ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് തുടങ്ങിയ ഭീകരർ കൊല്ലപ്പെട്ടു. നാല് ദിവസം അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായി. ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് ധാരണയിലെത്തി. ഇരു രാജ്യങ്ങളും അതിർത്തിയിൽ നിന്ന് പിൻവാങ്ങൽ ആരംഭിച്ചു.










0 comments