Deshabhimani

തായ്‌ലൻഡിലെ ഫുക്കറ്റ് ദ്വീപിൽ തീപിടിത്തം: 11മരണം, 16 പേർക്ക് പരിക്ക്

THAILAND
വെബ് ഡെസ്ക്

Published on Nov 16, 2026, 05:36 PM | 1 min read

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തെക്കൻ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് ദ്വീപിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാതോംഗിൽ തിങ്കളാഴ്ച പുലർച്ചെ 3.17ഓടെയാണ് തീപിടിത്തമുണ്ടായത്.


ഒരു റസ്റ്റോറന്റ്, വാടക മുറികൾ, മോട്ടോർ സൈക്കിൾ വാടകയ്ക്ക് നൽകുന്ന കട എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. തുടർന്ന് സമീപത്തുള്ള മറ്റ് നിരവധി കെട്ടിടങ്ങളിലേക്കും തീ ആളിപ്പടർന്നു. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണെന്ന് ഫുക്കറ്റ് പോലീസ് കമാൻഡർ സുരചൈ സൂക്സായ് പറഞ്ഞു.


എന്നാൽ തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുൻപ് കെട്ടിടത്തിന് സമീപമുള്ള ഒരു ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാടകയ്ക്ക് നൽകുന്ന കടയിൽ നൂറോളം മോട്ടോർ സൈക്കിളുകളും, കൂടാതെ പാചകവാതകം, എഞ്ചിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവയും സൂക്ഷിച്ചിരുന്നതായി ഫുക്കറ്റ് ഗവർണർ ചോഡ്നറിൻ കോഡ്സോം പറഞ്ഞു. എളുപ്പത്തിൽ തീപിടിക്കുന്ന ഈ വസ്തുക്കൾ തീ അതിവേഗം പടരുന്നതിനും കട്ടിയുള്ള വിഷപ്പുക ഉയരുന്നതിനും കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.


പരിക്കേറ്റ 16 പേരിൽ 15 പേർ തായ്‌ലൻഡ് പൗരന്മാരും ഒരാൾ മ്യാൻമർ സ്വദേശിയുമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിലോ പരിക്കേറ്റവരിലോ വിനോദസഞ്ചാരികൾ ആരുമില്ല. കഴിഞ്ഞ ജൂലൈയിൽ തലസ്ഥാനമായ ബാങ്കോക്കിലെ തിരക്കേറിയ ബാറിലുണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിൽ 40ഓളം പേർ മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home