നിലമ്പൂരിൽ യുവാവിനെ കത്തികൊണ്ട് ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്നു

നിലമ്പൂർ: നിലമ്പൂർ സബ് ട്രഷറിക്ക് സമീപം യുവാവിനെ തടഞ്ഞുനിർത്തി കത്തികൊണ്ട് ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെ 11.45നും 11.50നും ഇടയിലായിരുന്നു സംഭവം.
അമരമ്പലം കിഴക്കേ പാലമടം സ്വദേശിയും നിലവിൽ വാണിയമ്പലം അഞ്ചച്ചവിടിയിൽ താമസക്കാരനുമായ ഫിറോസ് (36) ആണ് ആക്രമണത്തിനിരയായത്. ട്രഷറിയിലേക്കുള്ള വഴിയിൽവച്ച് നാലുപേർ ചേർന്ന് തടഞ്ഞുനിർത്തി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. വലതുകൈയുടെ തള്ളവിരലിന് പരിക്കേൽപ്പിച്ചശേഷം കൈവശമുണ്ടായിരുന്ന 9,95,000 രൂപ കവർന്ന് സംഘം കടന്നുകളഞ്ഞെന്നാണ് പരാതി.
സംഭവത്തിനുശേഷം ഉച്ചകഴിഞ്ഞ് 4.20ന് ഫിറോസ് നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. തുടർന്ന് വൈകിട്ട് 5.12ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 126(2), 118(1), 309(6), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. തടഞ്ഞുവയ്ക്കൽ, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, കവർച്ചയ്ക്കിടെ പരിക്കേൽപ്പിക്കൽ, പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
നിലമ്പൂർ എസ്ഐ അർഷിദ് കെ.എം. നേരിട്ടാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.







0 comments