'ബുള്ളറ്റ് പ്രൂഫ് ഒരുക്കിയിട്ടൊന്നും കാര്യമില്ല'; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണിയുമായി ബിഷ്ണോയ് സംഘാംഗം

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും വധഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായി ഗോൾഡി ധില്ലോൺ. എത്ര ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങൾ ഒരുക്കിയാലും ഇരുവരെയും വധിക്കുമെന്നാണ് ഭീഷണി. തിങ്കളാഴ്ച ഗോൾഡി ധില്ലോണിന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലാണ് ഭീഷണി. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശമാണ് ഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.
മുംബൈയിൽ തന്റെ രണ്ട് അനുയായികളെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണി. വികാസ് ഠാക്കൂർ, ദീപക് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് തങ്ങളുടെ പദ്ധതികളെ ബാധിക്കില്ലെന്നും മുംബൈയിൽ 200 പേർ കൂടി സജ്ജരാണെന്നും ധില്ലോൺ പോസ്റ്റിൽ അവകാശപ്പെട്ടു. അറസ്റ്റിലായവർ തന്റെ സംഘത്തിൽപ്പെട്ടവരാണെന്നും മറ്റ് സംഘങ്ങളുമായി ഇവരെ ബന്ധപ്പെടുത്തരുതെന്നും പോസ്റ്റിൽ പറയുന്നു.
1984ലെ സിഖ് വിരുദ്ധ കലാപത്തിന് ഉത്തരവാദികളായവരോട് ഒരിക്കലും ക്ഷമിക്കില്ലെന്നും അവർ ഏത് രാജ്യത്തായാലും വെറുതെ വിടില്ലെന്നും പോസ്റ്റിൽ ഭീഷണിയുണ്ട്. സിഖ് സമൂഹത്തിനെതിരെ സംസാരിക്കുന്നവരെ ശത്രുക്കളായാണ് കാണുന്നതെന്നും ധില്ലോൺ വ്യക്തമാക്കി. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും പേരുകൾ പ്രത്യേകം പരാമർശിച്ചാണ് വധഭീഷണി മുഴക്കിയത്.
അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസയ്ക്ക് മുന്നിൽ വെടിവയ്പ് നടത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ വ്യവസായിക്കുനേരെ പണം തട്ടുന്നതിനായി ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഭീഷണിയുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താൻ സുരക്ഷാ ഏജൻസികൾ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.







0 comments