കടുത്ത ഉഷ്ണതരഗം; ഇംഗ്ലണ്ടില്‍ ഈ വര്‍ഷം മരിച്ചത് 5000 ത്തിലധികം പേർ

ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് 2026 ലെ വേനൽക്കാലത്ത് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തത്. കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് 5,000 ത്തിലധികം പേർ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
2016 ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 2026 ൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് യു കെയിൽ അനുഭവപ്പെട്ടത്. 5,258 മരണങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. 2022-ൽ രേഖപ്പെടുത്തിയ 2,985 മരണങ്ങളായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഈ വർഷം അതിന്റെ ഇരട്ടിയോളം പേർക്കാണ് ജീവൻ നഷ്ടമായത്. ജൂൺ 21 നും 28 നും ഇടയിലുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈ കാലയളവിൽ മാത്രം ഏകദേശം 2,401 പേർ മരിച്ചതായാണ് കണക്ക്. ഈ ദിവസങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം അതിതീവ്രമായ ചൂടിന്റെ ദൈർഘ്യവും തീവ്രതയും ഇനിയും വർദ്ധിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ മുന്നറിയിപ്പ്. 2026-ലെ വേനൽക്കാലം അസാധാരണമായിരുന്നുവെന്നും ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ രേഖപ്പെടുത്തുന്ന 'ഹീറ്റ് എപ്പിസോഡുകൾ' ഏറ്റവും കൂടുതൽ ഉണ്ടായ വർഷമാണിതെന്നും ഏജൻസി വ്യക്തമാക്കി. മെയ് മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ ഏഴ് ഘട്ടങ്ങളിലായി ആകെ 41 ദിവസമാണ് ഇത്തരത്തിൽ കടുത്ത ചൂട് അനുഭവപ്പെട്ടത്.








0 comments