കാട്ടിലേക്കോടി ചക്കക്കൊമ്പൻ, കാലാവസ്ഥയും പ്രതികൂലം; ദൗത്യം നാളെയും തുടരും

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ഇന്നത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു. ദൗത്യം നാളെ വീണ്ടും തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ദൗത്യം നാളെ വീണ്ടും തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ചിന്നക്കനാൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് നേരെ ദൗത്യസംഘം ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ചക്കക്കൊമ്പൻ പൂർണമായും മയങ്ങിയില്ല. തുടർന്ന് ആന കാട്ടിലേക്ക് ഓടി. കാലാവസ്ഥയും പ്രതികൂലമായതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു
തുടക്കത്തിൽ ആന ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചിരുന്നത് ദൗത്യസംഘത്തിന് വെല്ലുവിളിയായിരുന്നു. ചതുപ്പിൽ വെച്ച് മയക്കുവെടി വെക്കുന്നത് അപകടകരമായതിനാൽ, പടക്കം പൊട്ടിച്ച് ആനയെ തുരത്തി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് സംഘം വെടിയുതിർത്തത്. മയക്കുവെടിയേറ്റ ആനയെ നിയന്ത്രിക്കുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സംഭവസ്ഥലത്തേക്ക് എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി ഏകദേശം ഒരു മണിക്കൂറോളം സമയം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലേക്ക് വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പ്, പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യമേഖലയിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്.
ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ദൗത്യസംഘം പൂർണ്ണസജ്ജമാണെന്നും, കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് നാളെ തുടർനടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.








0 comments