Deshabhimani

വായിലൂടെ നൽകേണ്ട മരുന്ന് ഞരമ്പിൽ കുത്തിവെച്ചു; ഗുജറാത്തിൽ നാല് വയസ്സുകാരിയുടെ നില അതീവ ഗുരുതരം

girl gujarath
വെബ് ഡെസ്ക്

Published on Nov 25, 2026, 04:44 PM | 1 min read

അഹമ്മദാബാദ്: വായിലൂടെ നൽകേണ്ട മരുന്ന് ഞരമ്പിൽ കുത്തിവെച്ചതിനെ തുടർന്ന് നാല് വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ വിജാപ്പൂർ താലൂക്കിലെ ഗധഡ ഗ്രാമവാസിയായ മനോജ് സിൻഹ് സാലയുടെ മകൾ ആർവി സാലയാണ് അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുന്നത്.


കൺപോള താഴ്ന്നുപോകുന്ന അസുഖത്തിന് ചികിത്സ തേടിയാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ കുട്ടിയെ വഡ്‌നഗറിലെ ജി എം ഇ ആർ എസ് സിവിൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി രണ്ട് ഇൻജക്ഷനുകൾ നൽകാനായിരുന്നു നിർദേശം. എന്നാൽ, ക്ലിനിക്കൽ പരിശീലനത്തിലായിരുന്ന ഒരു നഴ്സിംഗ് വിദ്യാർഥിനി വായിലൂടെ നൽകേണ്ട മരുന്ന് നേരിട്ട് കുട്ടിയുടെ ഞരമ്പിൽ കുത്തിവെക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.


മരുന്ന് വായിലൂടെ നൽകാനുള്ളതാണെന്ന് കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും നഴ്സിംഗ് വിദ്യാർഥിനി അത് അനുസരിച്ചില്ല. ഇതോടെ കുട്ടിയുടെ ആരോഗ്യനില അതിവേഗം വഷളായി. തിങ്കളാഴ്ചയോടെ കുട്ടിക്ക് അപസ്മാരമുണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായ കുട്ടിയുടെ കണ്ണുകൾ മാത്രമാണ് പിന്നീട് ചലിച്ചിരുന്നത്.


ഉടൻ തന്നെ പീഡിയാട്രിക് ഐസിയു സംഘവും നഴ്സുമാരും ചേർന്ന് സി പി ആർ നൽകിയ ശേഷം കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും നഴ്സിംഗ് വിദ്യാർഥിനിയും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. സംഭവത്തിൽ ഒരു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി അധികൃതർ വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


സംഭവത്തെ തുടർന്ന് സ്റ്റാഫ് നഴ്സ് അജയ്‌യെ അടിയന്തരമായി സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്ന് നൽകുന്ന രീതിയിലുണ്ടായ വീഴ്ചകളും ഇതിൽ ഉൾപ്പെട്ടവരുടെ പങ്കും സമിതി പരിശോധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home