യുഎപിഎ ജാമ്യ വ്യവസ്ഥകളിൽ വിശാല ബെഞ്ചിന്റെ തീര്‍പ്പ് വരുന്നത് വരെ കാത്തിരിക്കാൻ നിര്‍ദ്ദേശം
ഉമര്‍ ഖാലിദിന്റെയും ഷര്‍ജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഡാലോചന കേസിൽ യു എ പി എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു. ജാമ്യം നിഷേധിച്ചുള്ള ഡൽഹി ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരുവരും സമര്‍പ്പിച്ച ഹർജിയാണ് മാറ്റിയത്. യുഎപിഎ ജാമ്യ വ്യവസ്ഥകളിൽ വിശാല ബെഞ്ചിന്റെ തീര്‍പ്പ് വരുന്നവരെ എന്ന ഉപാധി മുൻനിര്‍ത്തിയാണ് മാറ്റിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിചാരണ വൈകുന്നതും ദീർഘകാലത്തെ ജയിൽവാസവും പരിഗണിച്ച് യുഎപിഎ നിയമത്തിലെ കർശനമായ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകാനാകുമോ എന്ന വിഷയത്തിൽ മൂന്നംഗ വിശാല ബെഞ്ചിന്റെ തീർപ്പ് വന്നതിനുശേഷം മാത്രമേ ഇടക്കാല ജാമ്യത്തിന്റെ കാര്യം പരിഗണിക്കാനാകൂ എന്ന് കോടതി പറഞ്ഞു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിലെ 'ഗൂഢാലോചന' ആരോപിച്ചാണ് യുഎപിഎ ചുമത്തി ഇരുവരെയും ജയിലിൽ അടച്ചത്. ഇതിൽ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാൻ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ല. ഇത്രയും വർഷങ്ങള്‍ പിന്നിട്ടിട്ടും ഒരു സാക്ഷിയെ പോലും വിസ്തരിച്ചിട്ടില്ല. മാത്രമല്ല ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് സുപ്രീം കോടതി നേരത്തെ ഏര്‍പ്പെടുത്തിയ ഒരു വർഷ കലാവധി അവസാനിക്കാനിരിക്കയുമാണ്. ഈ സഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്.
ആറ് വർഷത്തിലേറെയായി ഇരുവരും തടവിലാണെന്നും, വിശാല ബെഞ്ച് വിഷയം തീർപ്പാക്കുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഷർജീൽ ഇമാമിന് വേണ്ടി ഹാജരായ സിദ്ധാർത്ഥ് ദവെയും ആവശ്യപ്പെട്ടു. ഇതേ കേസിലെ മറ്റ് പ്രതികളായ തസ്ലീം അഹമ്മദിനും അബ്ദുൾ ഖാലിദ് സെയ്ഫിക്കും മെയ് 22-ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്ന കാര്യവും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
ഭിന്നാഭിപ്രായവും
വിശാല ബെഞ്ചും
ഈ സമയത്ത് ഇടക്കാല ജാമ്യാപേക്ഷ കേൾക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2021-ലെ 'കെ എ നജീബ്' കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് വിവിധ ബെഞ്ചുകൾക്കിടയിൽ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിചാരണ വൈകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകുന്ന സാഹചര്യം ഉണ്ടെങ്കിൽ യുഎപിഎ സെക്ഷൻ 43D(5) പ്രകാരമുള്ള ജാമ്യ നിയന്ത്രണങ്ങൾ മറികടക്കാമെന്നായിരുന്നു നജീബ് കേസിലെ വിധി. ഇതിൽ വ്യക്തത വരുത്തുന്നതിനായി വിശാല ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
Related News
ജനുവരി 5-ന് ഈ കേസിലെ മറ്റ് അഞ്ച് പ്രതികൾക്ക് (ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ്) സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചിരുന്നു. ഒരു വർഷത്തിന് ശേഷമോ അല്ലെങ്കിൽ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയായ ശേഷമോ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നായിരുന്നു അന്നത്തെ നിർദേശം.
ആറ് വർഷവും ഒമ്പത് മാസവും വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞിട്ടും ഒരൊറ്റ സാക്ഷിയെ പോലും വിസ്തരിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഇമാം ഹർജിയിൽ ചൂണ്ടിക്കാട്ടി. 2020 സെപ്റ്റംബർ 25-നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 18 പ്രതികൾ വിചാരണ നേരിടുന്ന കേസിൽ 47 സംരക്ഷിത സാക്ഷികൾ ഉൾപ്പെടെ 900-ലധികം സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇനിയും ജയിലിൽ തുടരാൻ സാഹചര്യം സൃഷ്ടിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടികാട്ടി. എന്നാൽ വിശാല ബെഞ്ച് പരിഗണിക്കുന്ന സാഹചര്യം ചൂണ്ടികാട്ടി സുപ്രീം കോടതി കേസ് മാറ്റി.







0 comments