Deshabhimani

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി; ദൃശ്യങ്ങൾ പുറത്ത്

crime murder
വെബ് ഡെസ്ക്

Published on Nov 25, 2026, 03:51 PM | 1 min read

പുനെ: നിയമനടപടികൾക്കായി കോടതിയിലെത്തിയ കൊലക്കേസ് പ്രതിക്ക് നേരെ പട്ടാപ്പകൽ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് പുനെയിലെ ശിവാജിനഗർ കോടതി വളപ്പിന് പുറത്തുവെച്ചാണ് മന്ദർ മാരുതി കിവാലെ (35) എന്നയാൾക്ക് നേരെ വടിവാൾ കൊണ്ടുള്ള ആക്രമണവും വെടിവയ്പ്പും ഉണ്ടായത്. നാല് ദിവസം മുൻപാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് കോടതി നടപടികൾക്കായി എത്തിയപ്പോഴായിരുന്നു ആക്രമണം.


കോടതിക്ക് പുറത്തുവെച്ച് രണ്ട് പേർ ചേർന്ന് മന്ദർ കിവാലെയെ വടിവാൾ ഉപയോഗിച്ച് തുടർച്ചയായി വെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ രണ്ട് സ്കൂട്ടറുകളിലായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകളും ഒരു മാഗസിനും പൊലീസ് കണ്ടെടുത്തു.


വെട്ടേറ്റ് രക്തത്തിൽ കുളിച്ച കിവാലെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതും, പിന്നീട് ഒരു കൈ അറ്റുപോയ നിലയിൽ നടപ്പാതയിൽ കിടക്കുന്നതുമായ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും വീഡിയോയിലുണ്ട്. കിവാലെയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.


2025 ഏപ്രിലിൽ പുനെയിലെ സന്തോഷ്‌നഗർ കത്രജിൽ ശുഭം സുഭാഷ് ചവാൻ (26) എന്ന റസ്റ്റോറന്റ് ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മന്ദർ കിവാലെ. ഭൂമി, സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ചവാനെ സ്റ്റമ്പുകളും മുളവടികളും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി അമർ സകോറെ, കൂട്ടാളികളായ ഗിരീഷ് സുഭാഷ് ബാബരെ, യോഗേഷ് ബാബുറാവു ഡോറെ എന്നിവർക്കൊപ്പം കിവാലെയും അറസ്റ്റിലായിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home