മിഷൻ ചക്കക്കൊമ്പൻ; ആദ്യ ഡോസ് മയക്കുവെടി വെച്ചു, കുങ്കിയാനകളെ ഉടൻ എത്തിക്കും

ഇടുക്കി: ചക്കക്കൊമ്പന് നേരെ വനംവകുപ്പിന്റെ ദൗത്യസംഘം ആദ്യ മയക്കുവെടി വെച്ചു. ചിന്നക്കനാൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് നേരെ ദൗത്യസംഘം ആദ്യ ഡോസ് മയക്കുവെടി വെച്ചു. ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ മിഷൻ ചക്കക്കൊമ്പൻ ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
തുടക്കത്തിൽ ആന ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചിരുന്നത് ദൗത്യസംഘത്തിന് വെല്ലുവിളിയായിരുന്നു. ചതുപ്പിൽ വെച്ച് മയക്കുവെടി വെക്കുന്നത് അപകടകരമായതിനാൽ, പടക്കം പൊട്ടിച്ച് ആനയെ തുരത്തി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് സംഘം വെടിയുതിർത്തത്. മയക്കുവെടിയേറ്റ ആനയെ നിയന്ത്രിക്കുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിക്കും.
ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി ഏകദേശം ഒരു മണിക്കൂറോളം സമയം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദൗത്യസംഘം പൂർണസജ്ജമാണെന്നും, അനുകൂല സാഹചര്യം ഒത്തുവരുന്ന മുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണമെന്നും നിർദേശം നൽകി. അപകടസാധ്യത മുൻകൂട്ടി കണ്ടാണ് നടപടി.
കാട്ടാനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്ന വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥല മുന്നറിയിപ്പുമുണ്ട്. ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന സാഹചര്യം കണക്കിലെടുത്താണ് ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള തീരുമാനം എടുത്തത്.







0 comments