ആൻഡ്രൂ രാജകുമാരനും വിർജീനിയ ജിഫ്രെയും ഒന്നിച്ചുള്ള ചിത്രം 'ഒറിജിനൽ'; ഇമെയിൽ വെളിപ്പെടുത്തൽ

സിഡ്നി: ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനൊപ്പമുള്ള വിർജീനിയ ജിഫ്രെയുടെ ചിത്രം യഥാർത്ഥമാണെന്ന് സ്ഥിരീകരിക്കുന്ന ഗിസ്‌ലൈൻ മാക്സ്‌വെല്ലിന്റെ ഇമെയിൽ പുറത്ത്. ആൻഡ്രൂ രാജകുമാരൻ വിർജീനിയ ജിഫ്രെയുടെ അരക്കെട്ടിലൂടെ കൈ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രത്തെ കുറിച്ചാണ് വെളിപ്പെടുത്തൽ.
'2001-ൽ ഞാൻ ലണ്ടനിലുണ്ടായിരുന്ന സമയത്ത് ആൻഡ്രൂ രാജകുമാരൻ ഉൾപ്പെടെയുള്ള എന്റെ സുഹൃത്തുക്കളെ കണ്ടിരുന്നു. അന്ന് എടുത്ത ചിത്രമാണിത്. തന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണിക്കാനായി അവൾ ആഗ്രഹിച്ചതുകൊണ്ട് എടുത്തതാകാം ഈ ഫോട്ടോ'- 2015-ൽ ഗിസ്‌ലൈൻ മാക്സ്‌വെൽ മെയിലിൽ കുറിച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന ഏറ്റവും പുതിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇ മെയിൽ വെളിപ്പെടുത്തലിലൂടെ വിർജീനിയയുടെ വാദങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു. ആൻഡ്രൂവിനും അമേരിക്കൻ വ്യവസായി ജെഫ്രി എപ്സ്റ്റൈനുമെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ വിർജീനിയ ജിഫ്രെ 2025 ൽ ജീവനൊടുക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ വീട്ടിലാണ് 41കാരിയായ വിർജീനിയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ജെഫ്രി എപ്സ്റ്റൈനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനുമെതിരെ വിർജീനിയ ഉന്നയിച്ച ആരോപണങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജെഫ്രി തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും തന്നെ ലൈംഗിക അടിമയായി ഉപയോഗിക്കുകയായിരുന്നുവെന്നും പതിനേഴാം വയസിൽ ആൻഡ്രൂ രാജകുമാരനും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വിർജീനിയ വെളിപ്പെടുത്തിയിരുന്നു.
ആരോപണം നിഷേധിച്ച ആൻഡ്രൂ 2017ൽ കേസ് ഒത്തുതീർപ്പാക്കിയിരുന്നു. കേസിൽ 2008ൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റൈൻ 2019ൽ ന്യൂയോർക്ക് സിറ്റി ജയിലിൽ ജീവനൊടുക്കി. ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ജെഫ്രി എപ്സ്റ്റൈൻ 15,000 ഡോളർ നൽകിയെന്ന് ജിഫ്രെ വെളിപ്പെടുത്തിയതിൻറെ കോടതി രേഖ പുറത്ത് വന്നിരുന്നു.










0 comments