സുഡാനിൽ വിവാഹ ചടങ്ങിനിടെ ഡ്രോൺ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

വീഡിയോ സ്ക്രീൻഷോട്ട്
കയ്റോ : സുഡാനിലെ ഡാർഫർ മേഖലയിലെ പട്ടണത്തിൽ വിവാഹ പാർട്ടിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ വ്യാഴാഴ്ച അറിയിച്ചു. നോർത്ത് ഡാർഫറിലെ കുട്ടം പട്ടണത്തിലായിരുന്നു സംഭവമെന്ന് യുഎൻ സെക്രട്ടറി ജനറൽ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. 2023 ഏപ്രിൽ മുതൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും പുതിയ ആക്രമണമാണിത്.
യുഎൻ കണക്കുകൾ പ്രകാരം സുഡാനിൽ ഏകദേശം മൂന്ന് വർഷമായി തുടരുന്ന സംഘർഷത്തിൽ 40,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. എന്നാൽ യഥാർഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു. പ്രാദേശിക അവകാശ സംഘടനയായ എമർജൻസി ലോയേഴ്‌സും യുദ്ധം നിരീക്ഷിക്കുന്ന സംഘടനയായ എൽ-ഫാഷറിലെ റെസിസ്റ്റൻസ് കമ്മിറ്റികളും ബുധനാഴ്ച നടന്ന ആക്രമണത്തിന് സുഡാനീസ് സായുധ സേനയാണ് ഉത്തരവാദികളെന്ന് പ്രസ്താവനയിൽ പറഞ്ഞു.
സിവിലിയന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നതായും സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ സൈന്യം പ്രതികരിച്ചിട്ടില്ല. മാർച്ച് മുതൽ സൗത്ത് കോർഡോഫാൻ, ബ്ലൂ നൈൽ, ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഡാർഫർ പ്രവിശ്യകളിൽ ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ ആളുകളെ കൂട്ടമായി ഒഴിപ്പിച്ചതായി എമർജൻസി ലോയേഴ്‌സ് പറഞ്ഞു.
കഴിഞ്ഞയാഴ്ച, രാജ്യത്തിന്റെ തെക്കൻ-മധ്യ ഭാഗത്തുള്ള ആശുപത്രിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. വൈറ്റ് നൈൽ പ്രവിശ്യയിലെ അൽ-ജബലൈൻ ആശുപത്രിക്ക് നേരെ ആർഎസ്‌എഫ് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും ഒരു ഓപ്പറേഷൻ തിയേറ്ററും ഒരു പ്രസവ വാർഡും തകർത്തതായും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (Médecins Sans Frontières- MSF) വ്യക്തമാക്കിയിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് 200ലധികം ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മാർച്ചിൽ പറഞ്ഞു. മാർച്ചിൽ സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ഒരു ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 കുട്ടികളടക്കം 70 പേർ കൊല്ലപ്പെട്ടു.










0 comments