ad
Deshabhimani

ആൻഡമാൻ കടലിൽ ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്നത് റോഹിംഗ്യൻ അഭയാർഥികളടക്കം 250 പേർ

boat drowning

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 15, 2026, 12:32 PM | 1 min read

ധാക്ക : റോഹിം​ഗ്യൻ അഭയാർഥികളും ബംഗ്ലാദേശ് പൗരൻമാരും ഉൾപ്പെടെ 250 പേർ സഞ്ചരിച്ചിരുന്ന ബോട്ട് ആൻഡമാൻ കടലിൽ മുങ്ങി. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി, കുടിയേറ്റ ഏജൻസികളുടെ കണക്കനുസരിച്ച് മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് ബോട്ട് മുങ്ങി ജനങ്ങളെ കാണാതായത്. ബോട്ട് മുങ്ങിയതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.


ബംഗ്ലാദേശിലെ തെക്കൻ ജില്ലയായ കോക്സ് ബസാറിലെ ടെക്നാഫിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ടെന്ന് യുഎൻ അഭയാർത്ഥികൾക്കായുള്ള ഹൈക്കമീഷണറും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


അനുവദനീയമായതിലും തിരക്ക്, ശക്തമായ കാറ്റ്, പ്രക്ഷുബ്ധമായ കടൽ എന്നിവ കാരണം കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുകയായിരുന്നുവെന്ന് ഏജൻസികൾ പറഞ്ഞു. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങൾ റോഹിംഗ്യകളുടെ മ്യാൻമറിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ടെന്നും, പരിമിതമായ മാനുഷിക സഹായം, അഭയാർത്ഥി ക്യാമ്പുകളിലെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള പരിമിതികൾ എന്നിവ റോഹിംഗ്യൻ അഭയാർത്ഥികളെ അപകടകരമായ കടൽ യാത്രകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത് തുടരുകയാണെന്നും ഏജൻസികൾ പറഞ്ഞു. വിദേശത്ത് ഉയർന്ന വേതനവും മികച്ച അവസരങ്ങളും ലഭിക്കുമെന്ന വ്യാജ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ അപകടകരമായ മാർ​ഗങ്ങൾ ഇവർ തെരഞ്ഞെടുക്കുന്നത്.


റോഹിംഗ്യൻ ജനതയുടെ വിഷയത്തിലുള്ള ശാശ്വത പരിഹാരങ്ങളുടെ അഭാവത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആൻഡമാനിലുണ്ടായ ​​ദുരന്തമെന്ന് യുഎൻഎച്ച്സിആറും ഐഒഎമ്മും പറഞ്ഞു. മ്യാൻമറിൽ നിന്നുള്ള 1 ദശലക്ഷത്തിലധികം റോഹിംഗ്യകൾ ബംഗ്ലാദേശിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ബം​ഗ്ലാദേശിലെ കോക്സ് ബസാറിലാണ് റോഹിംഗ്യകൾ കൂട്ടമായി താമസിക്കുന്നത്. റോഹിംഗ്യൻ അഭയാർത്ഥികളുടെ സംരക്ഷണത്തിനായി ധനസഹായവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തണമെന്ന് യുഎൻഎച്ച്സിആറും ഐഒഎമ്മും പ്രസ്താവനയിൽ പറഞ്ഞു.


മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്നുള്ള മുസ്ലീം ന്യൂനപക്ഷമാണ് റോഹിംഗ്യകൾ. 1982 ലെ പൗരത്വ നിയമത്തിനുശേഷം ഇവർക്ക് സംസ്ഥാത്ത് അവകാശമില്ലാതെയായി. ഒരു ദശലക്ഷത്തിലധികം പേർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home