വ്യോമാക്രമണം തുടരുന്നു: തെഹ്റാനിൽ ആറ് കുട്ടികൾ കൂടി കൊല്ലപ്പെട്ടു

PHOTO: AFP
തെഹ്റാൻ: ഇസ്രയേലുമായി സഖ്യം ചേർന്ന് അമേരിക്ക ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഇറാൻ തലസ്ഥാനമായ തെഹ്‌റാൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ പത്ത് വയസിൽ താഴെയുള്ള നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ 48 മണിക്കൂർ സമയം കൂടി അനുവദിക്കുന്നുവെന്നും അതിനുള്ളിൽ വഴങ്ങിയില്ലെങ്കിൽ ഇറാനെ നരകാഗ്നി കാണിക്കുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആക്രണം. ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപത്തും കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ബുഷെഹർ ആണവ നിലയത്തിന് സമീപം ഒരു പ്രൊജക്‌ടൈൽ അവശിഷ്ടങ്ങൾ പതിക്കുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തതായി ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഊർജ നിലയങ്ങൾ തകർക്കാനുള്ള നീക്കം ഏപ്രിൽ ആറു വരെ നിർത്തിവെക്കുന്നുവെന്ന് മാർച്ച് 26ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം യുഎസ്, ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ മരണം 2076 ആയി. 26500 പേർക്ക് പരിക്കേറ്റു. ലെബനനിൽ ഇതുവരെ 1345 പേർ കൊല്ലപ്പെട്ടു. 4040 പേർക്കാണ് പരിക്കേറ്റത്. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു. 6594 പേർക്ക് പരിക്കേറ്റു.










0 comments