print edition പശ്ചിമേഷ്യ വീണ്ടും കലുഷം

ദുബായ്: സമാധാന ഉടമ്പടി നിലനിൽക്കെ ഹോർമുസ് കടലിടുക്കിൽ ബലപ്രയോഗത്തിലൂടെ ചരക്കുനീക്കം നടത്താനുള്ള അമേരിക്കയുടെ ശ്രമത്തെത്തുടർന്ന് പശ്ചിമേഷ്യൻ മേഖല വീണ്ടും കലുഷിതം. കടലിടുക്കിലൂടെ രണ്ട് കപ്പലുകൾ സുരക്ഷിതമായി കടന്നുവെന്ന് അമേരിക്ക അവകാശപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നത്.
ഇതിനിടെ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ആറ് ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തു. എന്നാൽ ചരക്ക് ബോട്ടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്നും അഞ്ച് പേർ കൊല്ലപ്പെട്ടതായും ഇറാൻ അറിയിച്ചു. വിദേശശക്തികളുടെ ഇടപെടൽ അനുവദിക്കില്ലെന്നും ആക്രമണം തുടർന്നാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്റെ പാർലിമെന്ററി സ്‌പീക്കർ മുഹമ്മദ് ബാഗർ ഖലീബഫ് അറിയിച്ചു.
യുഎഇയിൽ ഇറാന്റെ പ്രത്യാക്രമണം
അമേരിക്കയുടെ ആക്രമണത്തെത്തുടർന്നാണ് യുഎഇയിലെ ഫുജൈറ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തിയത്. മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു. എണ്ണ സംഭരണ കേന്ദ്രത്തിൽ വൻതോതിൽ തീപിടിത്തമുണ്ടായി. രണ്ട് കപ്പലുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.
അപലപിച്ച് ഇന്ത്യ
ഫുജൈറയിൽ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആക്രമണം അംഗീകരിക്കാനാവില്ലെന്നും സിവിലിയൻ പശ്‌ചാത്തലസൗകര്യങ്ങൾ ലക്ഷ്യംവെയ്‌ക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ചു.










0 comments