ad
Deshabhimani

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു, യുമാൻ ഖേംചന്ദ് മുഖ്യമന്ത്രി പദവിയിലേക്ക്

Manipur
വെബ് ഡെസ്ക്

Published on Feb 04, 2026, 05:06 PM | 2 min read

ഇംഫാൽ: കലാപത്തെ തുടർന്ന്‌ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്ന മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിംഗ് അവകാശവാദം ഉന്നയിച്ചു. ഇംഫാലിലെ ലോക് ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടാണ് മന്ത്രിസഭാ രൂപീകരണ അവകാശം ഉന്നയിച്ചത്. കുക്കി-സോ എംഎൽഎമാരായ എൽ എം ഖൗട്ടെ, എൻഗുർ സാംഗ്ലൂർ സനാറ്റെ എന്നിവരും സന്നിഹിതരായിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായുള്ള ഉത്തരവും പുറത്തു വന്നു.


മണിപ്പൂരിന്റെ ഉപമുഖ്യമന്ത്രിയായി നെംച കിപ്ജെൻ ചുമതലയേൽക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. കുക്കി സോ വിഭാഗത്തിൽ നിന്നുള്ള നേതാവാണിവര്‍. മണിപ്പൂരിലെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയാവും. കുക്കി നാഷണൽ ഫ്രണ്ടിന്റെ ചെയര്‍മാൻ താങ്ബോയ് കിപ്ഗെനയുടെ ഭാര്യയാണ്.


നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ‌പി‌എഫ്) എംഎൽഎ ലോസി ദിഖോ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഷ്ണുപൂർ ജില്ലയിൽ നിന്ന് ഏഴ് തവണ എംഎൽഎയായ ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര വകുപ്പ് ചുമത ഏൽക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.


യുമ്‌നം ഖേംചന്ദ് സിംഗ് ഇംഫാൽ വെസ്റ്റിലെ സിംഗ്ജമൈ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മെയ്‌തെയ്‌ സമുദായത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമാണ്. 2017 മുതൽ 2022 വരെ അദ്ദേഹം മണിപ്പൂർ നിയമസഭയുടെ സ്പീക്കറായിരുന്നു. എൻ ബിരേൻ സിംഗ് നയിച്ച രണ്ടാമത്തെ സർക്കാരിൽ മന്ത്രി സ്ഥാനം വഹിച്ചു. ബിരേൻ സിങ്ങിന്റെ അടുത്ത അനുയായിയായി ഖേംചന്ദ് കണക്കാക്കപ്പെട്ടു. തായ്‌ക്വോണ്ടോ മാസ്റ്ററിൽ നിന്ന് രാഷ്ട്രീയക്കാരനായ വ്യക്തിയാണ്.


സത്യപ്രതിജ്ഞാ ചടങ്ങ് ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 14നാണ് രാഷ്ട്രപതി ഭരണ കാലാവധി അവസാനിക്കുന്നത്. മണിപ്പൂർ 2025ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലാണ്. നേരത്തെ കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമനും പിന്നീട് ബിജെപി മുന്നണിയിലെത്തി മുഖ്യമന്ത്രി പദവിയിൽ അവരോധിക്കപ്പെടുകയും ചെയ്ത എൻ ബിരേൻ സിങ് ഭരണത്തിലിരിക്കെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപച്ചത്. കുക്കി മെയ്തെയ് കലാപത്തിന് പിന്നാലെയായിരുന്നു ഇത്.



ഈ ആഴ്ച ആദ്യം ന്യൂഡൽഹിയിൽ നടന്ന ബിജെപിയുടെ മണിപ്പൂർ നിയമസഭാ കക്ഷി യോഗത്തിൽ യുംനാം ഖേംചന്ദ് സിംഗ് നിയമസഭയിലെ പാർട്ടി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.


രണ്ട് ഉപമുഖ്യമന്ത്രിമാര്‍


കുക്കി ഭൂരിപക്ഷ പ്രദേശമായ കാങ്‌പോക്‌പി മണ്ഡലത്തിൽ നിന്ന് നെംച കിപ്‌ജെൻ രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുമ്പ് അവർ സാമൂഹികക്ഷേമ, സഹകരണ മന്ത്രിയായി (2017–2020) പിന്നീട് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. വംശീയ കലാപത്തിനിടെ, ഇംഫാലിലെ അവരുടെ ഔദ്യോഗിക വസതി നശിപ്പിക്കപ്പെട്ടു. ഗോത്ര മേഖലകൾക്കായി പ്രത്യേക ഭരണ സജ്ജീകരണം ആവശ്യപ്പെട്ട പത്ത് കുക്കി-സോ നിയമസഭാംഗങ്ങളിൽ അവരും ഉൾപ്പെടുന്നു.


മറ്റൊരു ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ലോസി ദിഖോ നാഗ ഭൂരിപക്ഷ മേഖലയെ പ്രതിനിധീകരിക്കുന്നു. ബിജെപി സഖ്യകക്ഷിയായ എൻപിഎഫുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.


നിയമസഭയുടെ നിലവിലെ ഘടന


മണിപ്പൂർ നിയമസഭയിൽ 60 സീറ്റുകളുണ്ട്. അതിൽ നിലവിൽ ബിജെപിക്ക് 37 സീറ്റുകളുണ്ട്. ബിജെപിയുടെ യഥാർത്ഥ നിയമസഭാംഗങ്ങളും ജനതാദൾ (യുണൈറ്റഡ്) യിൽ നിന്നുള്ള അഞ്ച് വിമതരും ഉൾപ്പെടുന്നതാണിത്.


ബാക്കിയുള്ളവരിൽ ആറ് എൻപിപി എംഎൽഎമാർ, എൻപിഎഫിൽ നിന്നുള്ള അഞ്ച് പേർ, കോൺഗ്രസിൽ നിന്നുള്ള അഞ്ച് പേർ, കുക്കി പീപ്പിൾസ് അലയൻസിൽ നിന്നുള്ള രണ്ട് പേർ, ജെഡിയുവിൽ നിന്നുള്ള ഒരാൾ, മൂന്ന് സ്വതന്ത്രർ എന്നിവർ ഉൾപ്പെടുന്നു. എംഎൽഎയുടെ മരണത്തെത്തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. നിയമസഭയ്‌ക്ക്‌ 2027 വരെ കാലാവധിയുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home