ad
Deshabhimani

കർണാടകത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തി

Youth Congress

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫൈറോസ് പഠാൻ, ഫോട്ടോ; NDTV

വെബ് ഡെസ്ക്

Published on Apr 11, 2026, 06:10 PM | 1 min read

ബെം​ഗളൂരു: യൂത്ത് കോൺ​ഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിൽ കയറി കൊലപ്പെടുത്തി. ധാർവാഡ് സ്വദേശിയായ ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ വീടിന്റെ പോർച്ചിലിരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് നീലയും വെള്ളയും ചേർന്ന ചെക്ക് ഷർട്ട് ധരിച്ചൊരാൾ എത്തുന്നതും അടുത്തിരുന്ന് സംസാരിക്കുന്നതും കാണാം. ഈ സമയം, മറ്റ് രണ്ട് പേർ വീടിന്റെ ​ഗേറ്റിന് പുറത്ത് നിൽക്കുന്നതും കാണാം. ‌‌വീടിന്റെ വാതിൽക്കൽ നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഫൈറോസിനെ, ചെക്ക് ഷർട്ട് ധരിച്ചയാൾ പിന്നിൽ നിന്നെത്തി വയറിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.


വീടിനുള്ളിലേക്ക് ഓടിയ ഫൈറോസിന്റെ പിന്നാലെ അക്രമിയും പുറത്ത് കാത്തു നിന്ന മറ്റു രണ്ടുപേരും പാഞ്ഞുചെന്നു. അൽപസമയത്തിന് ശേഷം മറ്റൊരാളും അക്രമികളുടെ സംഘത്തിലേയ്ക്ക് എത്തി. ഫൈറോസിനെ കുത്തി വീഴ്ത്തിയ ശേഷം അക്രമി സംഘം പുറത്തേയ്ക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ധർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്നു ഫൈറോസ്. ‌വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽ നിന്നാണ് ഫൈറോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 24-ാം തീയതി വിവാഹം നടക്കാനിരിക്കവേയാണ് ഫൈറോസിന്റെ ദാരുണമരണം.


വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയുൾപ്പെടെയുള്ള മറ്റുള്ളവരെയും അക്രമി സംഘം ഉപദ്രവിച്ചതായും, രക്ഷപ്പെടുന്നതിന് മുമ്പ് രണ്ട് മൊബൈൽ ഫോണുകൾ കവർന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പ്രാഥമിക സൂചനയെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. "ഒരാൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുന്നുണ്ടെങ്കിൽ അത് കൃത്യമായ ആസൂത്രണത്തെയാണ് സൂചിപ്പിക്കുന്നത്. കുറ്റകൃത്യം ആസൂത്രണം ചെയ്തവരെയും നടപ്പിലാക്കിയവരെയും ഞങ്ങൾ അന്വേഷിക്കും," അദ്ദേഹം വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home